സുരേഷ് ഗോപി ഉൾപ്പെടെ
മൂന്നു പേർക്കെതിരേ കേസ്
സ്വന്തം ലേഖകൻ
Monday, November 4, 2024 3:29 AM IST
തൃശൂർ: പൂരത്തിനിടെ ആംബുലൻസിൽ സ്വരാജ് റൗണ്ടിൽ പ്രവേശിച്ചതിനു ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരേ കേസ്. സിപിഐ നേതാവ് അഡ്വ. സുമേഷ് നൽകിയ പരാതിയിലാണു നടപടി.
ഐപിസി 279, 34, മോട്ടോർ വെഹിക്കിൾ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകൾ ചുമത്തിയാണ് തൃശൂർ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരേയും കേസുണ്ട്. ജീവന് ആപത്തുണ്ടാകുന്നവിധം അലക്ഷ്യമായി വാഹനമോടിക്കുക, മോട്ടോർ വാഹനവകുപ്പ് നിയന്ത്രണങ്ങളുടെ ലംഘനം തുടങ്ങിയവയാണു ചുമത്തിയ വകുപ്പുകൾ.
ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയും മറ്റു പ്രതികളും തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി തൃശൂർ തിരുവന്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കുന്നതിന്, രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള, സേവാഭാരതിയുടെ പേരിലുള്ള ആംബുലൻസിൽ എത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസ് യാത്രയ്ക്ക് ഉപയോഗിച്ച് ദുരുപയോഗംചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു. തൃശൂർ പൂരത്തിന്റെ ഭാഗമായി വാഹനങ്ങൾക്കു പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിക്കാനായിരുന്നു ഇതെന്നും മനുഷ്യജീവന് അപകടകരമായ രീതിയിൽ ആംബുലൻസ് ഓടിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
പൂരനഗരിയിലേക്ക് ആംബുലൻസിൽ എത്തിയില്ലെന്ന് സുരേഷ് ഗോപി ആദ്യം നിലപാടെടുത്തെങ്കിലും ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീണ്ടും നിലപാടു മാറ്റി. കാലിനു പരിക്കേറ്റിരുന്നെന്നും ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയുമായിരുന്നില്ലെന്നും ചിലർ തന്നെ ആംബുലൻസിൽ കയറ്റുകയായിരുന്നെന്നും സുരേഷ് ഗോപി പിന്നീടു വിശദീകരിച്ചു. ആംബുലൻസ് ഇത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരേ പരാതി നൽകിയ ആളുടെ മൊഴി എടുത്തെങ്കിൽ എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും സുരേഷ് ഗോപി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു കേസ് രജിസ്റ്റർ ചെയ്തത്.
ഗുണ്ടകൾ ആക്രമിച്ചെന്ന ആരോപണത്തിലും കേസെടുക്കണം: സുനിൽ കുമാർ
തൃശൂർ: സുരേഷ് ഗോപിയെ ഗുണ്ടകൾ ആക്രമിച്ചെന്ന ആരോപണത്തിലും കേസെടുക്കണമെന്നു സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. ഗുണ്ടകൾ ആക്രമിച്ചെങ്കിൽ ഇത്രകാലം എന്തുകൊണ്ടു പോലീസിനെ അറിയിച്ചില്ല? ആദ്യം പറഞ്ഞ നുണ ന്യായീകരിക്കാൻ വീണ്ടും വീണ്ടും നുണ പറയുകയാണ്. സുരേഷ് ഗോപിക്കെതിരേ ഗതാഗതവകുപ്പ് എന്തുകൊണ്ടാണു കേസെടുക്കാത്തതെന്ന് അറിയില്ലെന്നും സുനിൽ കുമാർ പറഞ്ഞു.