മോദിയുടേത് അതിസന്പന്നർക്കായുള്ള ഭരണം: പ്രിയങ്ക ഗാന്ധി
Monday, November 4, 2024 3:29 AM IST
മാനന്തവാടി: മോദി സർക്കാരിന്റേത് വ്യവസായികളിലെ അതിസന്പന്നർക്കായുള്ള ഭരണമാണെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ജനങ്ങൾക്ക് അവകാശപ്പെട്ട ഭൂമി, തുറമുഖങ്ങൾ തുടങ്ങിയവ വ്യവസായികളായ സുഹൃത്തുക്കൾക്കു പ്രധാനമന്ത്രി കൈമാറ്റം ചെയ്യുകയാണ്.
അതിസന്പന്നരായ സുഹൃത്തുക്കളെ കൈയയച്ച് സഹായിക്കുന്ന മോദി ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുകയല്ല, മറിച്ച് ഏതുവിധേനയും അധികാരത്തിൽ തുടരുകയാണു മോദിയുടെ ലക്ഷ്യം. അധികാരം നിലനിർത്തുന്നതിനു ജനങ്ങൾക്കിടയിൽ വിദ്വേഷവും ഭയവും വളർത്തുകയാണ്.
ജനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാണു രാഹുൽ ഗാന്ധി നടത്തുന്നത്. ജനാധിപത്യത്തെ സ്നേഹിക്കുകയും തുല്യതയിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്കായുള്ള പോരാട്ടത്തിനാണ് അദ്ദേഹം നേതൃത്വം നൽകുന്നത്. പ്രതികാര ബുദ്ധിയോടെയാണു രാഹുൽ ഗാന്ധിയോടുള്ള മോദി സർക്കാരിന്റെ സമീപനം. അദ്ദേഹത്തെ ലോക്സഭയിൽനിന്നു അയോഗ്യനാക്കി. വസതിയിൽനിന്നു ഒഴിവാക്കി. അപ്പോഴൊക്കെ വയനാട് മണ്ഡലത്തിലെ ജനത രാഹുലിനൊപ്പം നിന്നു. ലോകം മുഴുവൻ വയനാട് തിളങ്ങുന്നതിന് ജനം ഒന്നിച്ചുനിൽക്കണം. വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ കഴിഞ്ഞതിനെ അഭിമാനത്തോടെയാണ് കാണുന്നതെന്നും പ്രിയങ്ക പറഞ്ഞു.