കണ്ണീർ പ്രണാമവുമായി പതിനായിരങ്ങൾ; ശ്രേഷ്ഠ ബാവ ഇനി ദീപ്തസ്മരണ
Sunday, November 3, 2024 2:53 AM IST
കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് സഭയും സമൂഹവും അന്ത്യയാത്ര നല്കി. പുത്തൻകുരിശ് പാത്രിയാര്‍ക്കാ സെന്ററിനോടു ചേര്‍ന്നുള്ള മാര്‍ അത്തനാസിയോസ് കത്തീഡ്രലില്‍ ബാവയുടെ ഭൗതികദേഹം കബറടക്കി.
യാക്കോബായ സഭയുടെ മെത്രാന്മാരും വൈദികരും വിശ്വാസികളും ജനപ്രതിനിധികളുമടക്കം വന്‍ ജനാവലിയാണു ബാവയ്ക്ക് അന്ത്യയാത്ര നല്‍കാനെത്തിയത്.
ഇന്നലെ രാവിലെ എട്ടോടെ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സംസ്കാര ശുശ്രൂഷ ആരംഭിച്ചു.
സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോമലങ്കര സഭാ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. പ്രസാദ്, വി.എന്‍. വാസവന്, എംപിമാരായ ബെന്നി ബെഹനാന്, ശശി തരൂര്‍, എംഎല്‍എമാരായ മാത്യു ടി. തോമസ്, അനൂപ് ജേക്കബ്, പി.വി. ശ്രീനിജന്, ആന്റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, നടന് മമ്മൂട്ടി തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഉച്ചകഴിഞ്ഞു മൂന്നരയോടെ ശ്രേഷ്ഠ ബാവയുടെ ഭൗതികദേഹം കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുവന്നു.
സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണം നടത്തി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അനുശോചനകുറിപ്പും അദ്ദേഹം വായിച്ചു.
മദ്ബഹയിലെ ശുശ്രൂഷയ്ക്കുശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെ വൈകുന്നേരം 5.30ന് ഭൗതികദേഹം കത്തീഡ്രല്‍ പള്ളിയുടെ മദ്ബഹയ്ക്കു താഴെ വടക്കേമൂലയില്‍ പ്രത്യേകം തയാറാക്കിയ കബറിടത്തില്‍ സംസ്കരിച്ചു.