കൊടകര കുഴൽപ്പണം: ഐജി അക്ബറിന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്താൻ നീക്കം
സ്വന്തം ലേഖകൻ
Monday, November 4, 2024 3:29 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴൽപ്പണ തുടരന്വേഷണത്തിനായി മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ് സംഘം രൂപീകരിക്കാൻ ആലോചന. മുൻപ് ഡിഐജിയായിരുന്ന എ. അക്ബറിന്റെ നേതൃത്വത്തിലായിരുന്നു കുഴൽപ്പണ കേസിന്റെ അന്വേഷണം നടന്നിരുന്നത്.
ഇപ്പോൾ ഐജിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. അന്നത്തെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെല്ലാം ഇപ്പോൾ വിവിധ ജില്ലകളിലായി ജോലി നോക്കുകയാണ്. ഇവരെയെല്ലാം ഏകോപിപ്പിച്ച് അന്വേഷണ സംഘം രൂപീകരിക്കാൻ കഴിയുമോ എന്നാണ് പോലീസ് ആസ്ഥാനത്തെ ആലോചന.
ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കി കൊടകര കുഴൽപ്പണക്കേസിൽ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തുന്ന കാര്യം സർക്കാർ പരിഗണിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ടു വൈകാതെ കോടതിയെ സമീപിക്കും.
അനുമതി ലഭിച്ചാൽ മുൻപ് അന്വേഷിച്ച സംഘത്തെകൊണ്ടുതന്നെ തുടരന്വേഷണം നടത്തുന്ന കാര്യമാണു പരിഗണിക്കുന്നത്. അതേസമയം, ഉപതെരഞ്ഞെടുപ്പു മുന്നിൽ നിൽക്കുന്ന സാഹചര്യത്തിലാണ് കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണം നടത്തുമെന്ന പ്രഖ്യാപനം സർക്കാരിൽ നിന്നുണ്ടാകുന്നതെന്നാണു പ്രതിപക്ഷ ആരോപണം. ബിജെപി- സിപിഎം കൂട്ടുകെട്ടിൽ നിന്നു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണിതെന്നു പ്രതിപക്ഷം ആരോപിക്കുന്നു.