‘കെ റെയിൽ ഗോ എവേ’
Tuesday, November 5, 2024 2:49 AM IST
പത്തനംതിട്ട: കെ റെയിൽ, സിൽവർ ലൈൻ പദ്ധതിയുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
13ന് ആലുവയിൽ പ്രതിരോധസംഗമവും പ്രതിഷേധപ്രകടനവും നടത്തും. ജില്ലകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അലൈൻമെന്റ് പ്രദേശത്തെ 25,000 ജനങ്ങളും പാർലമെന്റ് അംഗങ്ങളും ഒപ്പിട്ട വിശദമായ നിവേദനം നൽകിയിരുന്നു.
സംസ്ഥാനത്തെ റെയിൽവേ വികസനത്തിനുതന്നെ തടസമാകുന്ന വിധത്തിൽ തയാറാക്കിയിരിക്കുന്ന പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടുനൽകരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നതാണ്.
സംസ്ഥാന സർക്കാരിന്റെ പിടിവാശിക്കൊപ്പം നിൽക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നതിന്റെ സൂചനയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. കേരളത്തിലെ റെയിൽവേ യാത്രാ ദുരിതം അതിവേഗ ട്രെയിനുകൾ കൊണ്ടോ ആഡംബര യാത്ര കൊണ്ടോ പരിഹരിക്കാവുന്നതല്ല.
ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് കെ റെയിൽ സിൽവർ ലൈൻ എന്ന അതിസമ്പന്നർക്കായി തയാറാക്കുന്ന പദ്ധതി പരിഹാരമാവില്ലെന്ന് സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ പറഞ്ഞു.
സിൽവർലൈൻ അനുകൂലികൾക്ക് വോട്ടില്ല എന്ന മുൻ നിലപാട് തന്നെയാണ് സമിതി ഈ ഉപതെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത് എന്നും അവർ പറഞ്ഞു.