കെഎസ്ആർടിസി: ഷെഡ്യൂളുകൾ ടാർജറ്റ് നേടിയില്ലെങ്കിൽ ഇൻസ്പെക്ടർക്കെതിരേ ശിക്ഷാനടപടി
പ്രദീപ് ചാത്തന്നൂർ
Monday, November 4, 2024 2:55 AM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഓരോ ഷെഡ്യൂളും ടാർജറ്റ് നേടിയില്ലെങ്കിൽ ഉത്തരവാദിത്വമുള്ള ഇൻസ്പെക്ടർക്കെതിരേ ശിക്ഷാ നടപടി എടുക്കും. ഷെഡ്യൂളുകൾ ടാർജറ്റ് മറികടന്നാൽ ഇൻസെന്റീവും പ്രോത്സാഹനമായി നല്കും. സർവീസ് ഓപ്പറേഷൻ കൂടുതൽ കാര്യക്ഷമമാക്കി യൂണിറ്റുകളെ ലാഭകേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ശിക്ഷയും ഇൻസെന്റീവും എന്നാണ് വിശദീകരണം.
ഇതിന്റെ ഭാഗമായി ഓരോ ഷെഡ്യൂളും ഇൻസ്പെക്ടർമാർക്ക് വീതിച്ച് നല്കിയിരുന്നു. ഷെഡ്യൂളുകളുടെ പ്രവർത്തനലാഭം ഉറപ്പുവരുത്തുകയും യൂണിറ്റ്തല ടാർജറ്റ് കൈവരിക്കുന്നതിനു ശ്രമിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. യൂണിറ്റ് തല ടാർജറ്റിന് ആനുപാതികമായാണ് ഓരോ ഷെഡ്യൂളിനും ടാർജറ്റ് നിശ്ചയിച്ചിട്ടുള്ളത്.
ഷെഡ്യൂളുകളുടെ ഇന്ധനക്ഷമത, ഡ്യൂട്ടികൾ, ഇൻസെന്റീവ് അടക്കം മറ്റു ചെലവുകൾ എന്നിവ കണക്കാക്കിയാണ് ടാർജറ്റ് നിശ്ചയിച്ചിട്ടുള്ളത്. ഓരോ ഇൻസ്പെക്ടറുടെ പേരും അവർക്ക് നല്കിയിട്ടുള്ള ഷെഡ്യൂളുകൾ, ടാർജറ്റ് എന്നിവ അടങ്ങിയ പട്ടിക എട്ടിന് മുമ്പ് ചീഫ് ഓഫീസിലെ ട്രാഫിക് സെക്ഷനിൽ എത്തിക്കാൻ ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ കഴിഞ്ഞദിവസം ഉത്തരവിറക്കിയിട്ടുണ്ട്.