മുനമ്പം ഭൂമി ജനങ്ങളുടേത്; മുനമ്പത്തിന്റെ ചോദ്യം; ജനപ്രതിനിധികളുടെ മറുപടി
Monday, November 4, 2024 3:29 AM IST
? മുനമ്പം വഖഫ് ഭൂമിയാണെന്ന തര്‍ക്കം എങ്ങനെയാണുണ്ടായത്
=വഖഫ് ആക്ട് മുനമ്പത്തെ താമസക്കാരായ ജനങ്ങള്‍ക്ക് അനുകൂലമായിട്ടും ഇതിനെതിരേ സര്‍ക്കാരും വഖഫ് ബോര്‍ഡും സ്വീകരിച്ച നിലപാടുകളാണ് ഈ പ്രദേശത്തെ 600ഓളം കുടുംബങ്ങളെ അതിജീവന സമരത്തിലേക്കു തള്ളിവിട്ടത്. മുനമ്പം വഖഫ് ഭൂമിയാണെന്നു ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയതാണ് നിലവിലെ പ്രശ്നങ്ങള്‍ക്കു കാരണം. ജനങ്ങള്‍ താമസിക്കുന്ന മുനമ്പം വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപേക്ഷിച്ചാല്‍ത്തന്നെ ഇപ്പോഴത്തെ തര്‍ക്കം പരിഹരിക്കാനാകും.
കോടതിയില്‍ വഖഫ് ബോര്‍ഡ് ക്ലെയിം ചെയ്യാതിരിക്കുകയും പരാതി പിന്‍വലിക്കുകയും ചെയ്താല്‍ തര്‍ക്കങ്ങള്‍ നിയമപരമായി അവസാനിപ്പിക്കാനാകും. നിസാരമായ പരിഹാരമാര്‍ഗം മുന്നിലുണ്ടായിട്ടും മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ നിലപാട് സ്വീകരിക്കാത്തതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.
?വഖഫ് ഭൂമിയല്ലെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കാനുള്ള കാരണങ്ങളെന്താണ്
= മുനമ്പം ഭൂമി വഖഫിന്റേതല്ലെന്നു പറയാന്‍ മൂന്നു കാരണങ്ങളാണ് പ്രധാനമായുള്ളത്. ഒന്ന്: ഈ ഭൂമി കൊടുക്കുന്നതിനു മുന്‍പുതന്നെ അവിടെ ആളുകള്‍ താമസിച്ചിരുന്ന ഭൂമിയാണിത്. ജനങ്ങള്‍ താമസിക്കുന്ന ഭൂമി വഖഫ് ആക്കാന്‍ കഴിയില്ല. രണ്ട്: ഈ പറയുന്ന ഭൂമിയുടെ രേഖയില്‍ വ്യവസ്ഥയുണ്ട്. വഖഫില്‍ ഒരു വ്യവസ്ഥയുമില്ല. മൂന്ന്: ഫാറൂഖ് കോളജ് മാനേജ്മെന്റ് ഇവരുടെ കൈയില്‍നിന്നു പണം ഈടാക്കി അവര്‍ക്കു ഭൂമിയുടെ ആധാരം രജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ട്. പണം വാങ്ങിയ ഭൂമി എങ്ങനെ വഖഫ് ഭൂമിയാകും. 1995ലാണ് വഖഫ് ആക്ട് നിലവില്‍ വരുന്നത്.
2006ല്‍ വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ വഖഫ് ഭൂമിയാണോ എന്നതു സംബന്ധിച്ചു പരിശോധിക്കാന്‍ നിസാര്‍ കമ്മീഷനെ നിയോഗിച്ചതാണ് തര്‍ക്കങ്ങള്‍ക്കു തുടക്കമിടാന്‍ കാരണം.
നിസാര്‍ കമ്മീഷനാണ് ഇതു വഖഫ് ഭൂമിയാണെന്ന് ആദ്യമായി റിപ്പോര്‍ട്ട് എഴുതിയത്. എന്നാല്‍, പിന്നീടു വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതു വഖഫ് ഭൂമിയല്ലെന്നു വ്യക്തമാക്കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ വഖഫ് ബോര്‍ഡ് നിലപാടാണ് ഇപ്പോള്‍ വീണ്ടും പ്രശ്നം വഷളാക്കിയത്.
?മുസ്ലിം സംഘടനകളെ പ്രതിപക്ഷം നിലപാട് അറിയിച്ചോ
=കേരളത്തിലെ പ്രമുഖ മുസ്ലിം സംഘടനകളുമായി ഞാനും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച നടത്തിയിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാട് മുസ്ലിം സംഘടകള്‍ സ്വീകരിച്ചിട്ടില്ല. ഭൂമിയില്‍ അവകാശവാദങ്ങളൊന്നും അവര്‍ ഉന്നയിച്ചിട്ടില്ല. ഇക്കാര്യം വരാപ്പുഴ അതിരൂപത അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നു. ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രശ്നം വഷളാക്കാന്‍ ശ്രമിക്കുന്നുണ്ട്.
വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനമാണ് ഇപ്പോള്‍ സംശയത്തിലേക്കു നയിക്കുന്നത്.
? എന്നിട്ടും പ്രതിപക്ഷനേതാവ് സമരസ്ഥലത്ത് എത്തിയില്ലെന്ന പ്രചാരണം വ്യാപകമാണ്
=മുനമ്പം സമരത്തിനു നേരിട്ടെത്തി ആദ്യം പിന്തുണ പ്രഖ്യാപിച്ചതു ഞാനാണ്. സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരും ഇടപെടാതിരിക്കുന്നവരുമാണ് യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത്.
? വഖഫ് ഭൂമി തര്‍ക്കം പരിഹരിച്ച മറ്റ് എന്തെങ്കിലും സംസ്ഥാനങ്ങളുടെ മാതൃകകള്‍ പ്രതിപക്ഷത്തിന് സര്‍ക്കാരിനോടു ചൂണ്ടിക്കാട്ടാനാകുമോ
=പിന്നെന്ത്; നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുതന്നെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള നിയമപരമായ ഉദാഹരണമായി യുഡിഎഫിന് ചൂണ്ടിക്കാട്ടാനാകും. കര്‍ണാടകയിലെ വിജയപുരയില്‍ 1200 ഏക്കര്‍ ഭൂമി വഖഫ് ഭൂമിയായി വിജ്ഞാപനം ചെയ്ത മുന്‍ ബിജെപി സര്‍ക്കാരിന്റെ നിലപാട് പിന്‍വലിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കാട്ടിയ മാതൃക തന്നെയാണ് കേരളത്തിനും സ്വീകരിക്കാന്‍ കഴിയുക. മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചൂണ്ടിക്കാട്ടും.