ദേഹാസ്വാസ്ഥ്യം: മന്ത്രി വീണാ ജോർജ് ചികിത്സ തേടി
Monday, November 4, 2024 2:56 AM IST
തൃശൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ വൈകുന്നേരം ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു.
മന്ത്രിയുടെ ഒപ്പമുള്ളവർ അറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ മുൻകരുതലുകളെടുത്ത് ഡോക്ടർമാർ കാത്തുനിന്നിരുന്നു. മെഡിസിൻ വിഭാഗം മേധാവികൂടിയായ ഡോ. എം. രാധികയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധപരിശോധനയ്ക്കും ഇസിജി, രക്തപരിശോധനകൾക്കുശേഷം വിശ്രമം നിർദേശിച്ചു.
ഇന്നലെ രാവിലെ മുതൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ പരിപാടികൾക്കുശേഷമാണ് മന്ത്രി ചേലക്കരയിലെത്തിയത്. വിശ്രമമില്ലാതെ പരിപാടികളിൽ പങ്കെടുത്തതാണ് അസ്വാസ്ഥ്യത്തിനു കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. രാത്രി ഏഴരയ്ക്ക് ആശുപത്രിയിലെത്തിയ മന്ത്രി 8.25ന് പ്രാഥമിക ചികിത്സയ്ക്കുശേഷം നാട്ടിലേക്കു പോയി.