സുരേഷ് ഗോപിക്കെതിരേ ചേലക്കരയിലും പരാതി
Monday, November 4, 2024 2:55 AM IST
തൃശൂർ: സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രയോഗത്തിനെതിരേ പരാതി. കോണ്ഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി.ആർ. അനൂപാണ് ചേലക്കര പോലീസിൽ പരാതി നൽകിയത്.
ചേലക്കരയിലെ തെരഞ്ഞെടുപ്പു പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരേ അധിക്ഷേപം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. സിപിഎം പരാതി നൽകാത്തതിനാലാണ് താൻ പരാതി നൽകുന്നതെന്നു വി.ആർ. അനൂപ് പ്രതികരിച്ചു.
പരാതിക്കുപിന്നാലെ അനൂപിന്റെ മൊഴിയെടുത്തെങ്കിലും കേസെടുത്തിട്ടില്ല. തുടർനടപടികൾക്കായി പരാതി കമ്മീഷണർക്കു കൈമാറി. തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏല്പിക്കാൻ വെല്ലുവിളിച്ചാണ് സുരേഷ് ഗോപി ‘ഒറ്റത്തന്ത’ പരാമർശം നടത്തിയത്. എന്നാൽ, ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.
അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. സിനിമാ ഡയലോഗ് പറയുകമാത്രമാണു ചെയ്തതെന്നും അദ്ദേഹം ന്യായീകരിച്ചു.