മുനമ്പം ജനതയുടെ സംരക്ഷണത്തിന് അടിയന്തര ഇടപെടല്‍ വേണം
Tuesday, November 5, 2024 2:49 AM IST
അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന്
<b>? മുനമ്പത്തെ അറുനൂറോളം കുടുംബങ്ങൾക്ക് ശാശ്വത നീതി ലഭിക്കാൻ അവരുടെ ഭൂമിക്കുമേൽ വഖഫ് ബോർഡ് അന്യായമായി ഉന്നയിച്ചിരിക്കുന്ന അവകാശവാദം പിൻവലിക്കുകയല്ലേ വേണ്ടത്.
► മുനമ്പത്തെ അറുനൂറിൽപ്പരം കുടുംബങ്ങള്‍ക്ക് ശാശ്വത നീതി ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. വഖഫ് അവകാശവാദങ്ങളെത്തുടര്ന്നു പ്രതിസന്ധിയിലായിരിക്കുന്ന മുനമ്പം നിവാസികളുടെ ഭൂമിയിന്മേലുള്ള ഉടമസ്ഥാവകാശം സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കടമയുണ്ട്.
ജനാധിപത്യ ഭരണക്രമം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് പൗരാവകാശ ധ്വംസനത്തിന് ഇടവരുത്തുന്ന നിലയില്‍ മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഴിതെറ്റിപ്പോയാല്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ക്കാണ് ഇടവരുത്തുന്നതെന്നുള്ള യാഥാർഥ്യം എല്ലാവരും ഉള്‍ക്കൊള്ളാന്‍ സന്നദ്ധരാകണം. ഇത്തരത്തിലുള്ള ദുരവസ്ഥ ഒഴിവാക്കി മുനമ്പത്തെ കുടുംബങ്ങളോട് നീതി കാണിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ആവശ്യമായ ഉക്ഷയകക്ഷി ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാക്കണം.
വിശദമായി പരിശോധിച്ചാൽ വഖഫ് ബോര്‍ഡ് ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാകുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ വസ്തുതാപരമായി പരിശോധിച്ച് ബന്ധപ്പെട്ട എല്ലാവരെയും നിജസ്ഥിതി ബോധ്യപ്പെടുത്തി തൃപ്തികരമായ പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം.
? കേരളത്തിന്റെ മതസൗഹാർദവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ വഖഫ് ബോർഡിനെക്കൊണ്ട് ഇത്തരമൊരു തീരുമാനമെടുപ്പിക്കുന്നതിന് യുഡിഎഫിൽ സമ്മർദം ചെലുത്തുമോ.
►മതസൗഹാര്‍ദം ഏറ്റവും ശക്തമായി സംരക്ഷിക്കുന്ന അനുഗൃഹീത നിലപാടുള്ള സംസ്ഥാനമാണ് കേരളമെന്നത് അഭിമാനത്തോടെയാണ് നമ്മുടെ നാട് അംഗീകരിക്കുന്നത്. മതമൈത്രി ഊട്ടിയുറപ്പിക്കാന്‍ കേരള ജനതയ്ക്കു കഴിയുന്നതുകൊണ്ടാണ് മനുഷ്യസൗഹാര്‍ദവും പവിത്രതയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത്. ഈയൊരു അടിസ്ഥാന കാഴ്ചപ്പാടോടെ മുനമ്പം പ്രശ്നം പരിഹരിക്കാന്‍ യുഡിഎഫ് മുന്നണിക്കുള്ളില്‍ ഗുണപരമായ ഇടപെടല്‍ നടത്താന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാനും യുഡിഎഫ് സീനിയര്‍ നേതാക്കളില്‍ മുന്‍നിരക്കാരനുമായ പി.ജെ. ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ കാര്യമായ പരിശ്രമം നടത്തുന്നതാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളെക്കൂടി ബന്ധപ്പെടുത്തി വഖഫ് ബോര്‍ഡിനെ സഹകരിപ്പിച്ചുകൊണ്ട് പ്രശ്നപരിഹാരം കണ്ടെത്തുന്നതിന് കേരള കോണ്‍ഗ്രസ് നേതൃത്വം യുഡിഎഫില്‍ ഫലപ്രദമായ പ്രവര്‍ത്തനം നടത്തും.
? വഖഫ് നിയമത്തിലെ ജനാധിപത്യവിരുദ്ധ നിലപാടുകൾ ഭേദഗതി ചെയ്യുന്നതിനെ എതിർക്കുന്നതു ശരിയാണോ.
►വഖഫ് നിയമത്തിലെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നുള്ള അഭിപ്രായമാണ് കേരള കോണ്‍ഗ്രസിനുള്ളത്. വഖഫ് നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനെതിരേ രാജ്യത്തു പ്രതിഷേധം ഉയര്‍ന്നിരിക്കുന്നതു കണക്കിലെടുത്ത് കുറ്റമറ്റ നിലയിലുള്ള നിയമ ഭേദഗതിക്കു കേന്ദ്രസര്‍ക്കാര്‍ തയാറാകേണ്ടത് അത്യന്താപേക്ഷിതമാണ്.
കൂടുതല്‍ കൂടിയാലോചനകളും വിശദമായ ചര്‍ച്ചയും ആവശ്യമുള്ള വഖഫ് ബോര്‍ഡ് നിയമപ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവമേറിയ പഠനത്തിനും വിശദമായ വിലയിരുത്തലിനും അവസരമുണ്ടാക്കണം.
ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ലോക്സഭയിലും രാജ്യസഭയിലും തുറന്ന ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ വേദിയൊരുക്കണം. ഇന്ത്യയുടെ മതേതര വീക്ഷണത്തിനു കോട്ടം തട്ടാതെ രാജ്യത്ത് നിയമനിര്‍മാണം നടത്താന്‍ ഭരണകൂടങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇതിനൊക്കെ തയാറാകാതെ വന്നാല്‍ ശക്തമായ എതിര്‍പ്പോടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരേ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിക്കും.
വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിശോധിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഒരു ലീഗല്‍ ടീമിന് രൂപം നല്‍കിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടും പാര്‍ട്ടി പരിശോധിക്കും.