നീലേശ്വരം വെടിക്കെട്ടപകടം: മരണം മൂന്നായി
Monday, November 4, 2024 3:29 AM IST
നീലേശ്വരം: തെരുവത്ത് അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിനു തീപിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി.
ചോയ്യങ്കോട് ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കിണാവൂരിലെ രതീഷ് (32), കരിന്തളം കൊല്ലന്‍പാറ സ്വദേശി കെ. ബിജു (38) എന്നിവരാണു മരിച്ചത്. പരേതനായ അമ്പൂഞ്ഞിയുടെയും ജാനകിയുടെയും മകനായ രതീഷ് അവിവാഹിതനാണ്. സഹോദരിമാര്‍: കാഞ്ചന, രാഗിണി. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജു ഇന്നലെ രാത്രി പത്തോടെയാണ് മരിച്ചത്. അപകടത്തില്‍ പൊള്ള ലേറ്റ കിണാവൂര്‍ റോഡിലെ സി. സന്ദീപ് (38) ശനിയാഴ്ച മരിച്ചിരുന്നു.
പ്രതികളുടെ ജാമ്യം നിഷേധിച്ചു
നീലേശ്വരം: നീലേശ്വരം വെടിക്കെട്ടപകട കേസില്‍ പ്രതികള്‍ക്കു കീഴ്കോടതി നല്കിയ ജാമ്യം കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കി. നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകടക്കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരന്, സെക്രട്ടറി മന്ദംപുറത്തെ കെ.ടി. ഭരതന്, വെടിക്കോപ്പിനു തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ് എന്നിവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി നല്കിയ ജാമ്യമാണു ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കിയത്.
ഹൊസ്ദുര്‍ഗ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി നല്കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
എന്നാല്‍ ഈ അപ്പീല്‍ നല്കുന്നതിനുമുമ്പേതന്നെ ജില്ലാ സെഷന്‍സ് കോടതി പ്രതികള്‍ക്കു കീഴ്കോടതി അനുവദിച്ച ജാമ്യം സ്വമേധയാ റദ്ദാക്കുകയായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരനും സെക്രട്ടറി ഭരതനും കോടതി വിധി വരും മുമ്പേ ജയില്‍ മോചിതരായിരുന്നു. പടക്കങ്ങൾക്കു തീകൊളുത്തിയ പ്രധാന പ്രതി രാജേഷിനു ജാമ്യക്കാര്‍ ഇല്ലാത്തതിനാല്‍ ജയിൽമോചിതനാകാന്‍ കഴിഞ്ഞില്ല.
ജയിലില്‍ കഴിയുന്ന രാജേഷിനെ പുറത്തുവിടരുതെന്നും പുറത്തിറങ്ങിയ രണ്ടു പ്രതികളെയും തിരിച്ച് ജയിലിലേക്കുതന്നെ കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചു.