മുനമ്പം ഭൂമി വഖഫ് നിര്‍വചനപരിധിയില്‍ വരില്ല: ജോസ് കെ. മാണി
Sunday, November 3, 2024 2:53 AM IST
മുനമ്പം: ഫാറൂഖ് കോളജ് അധികൃതരില്‍നിന്ന് മുനമ്പം പ്രദേശവാസികള്‍ തീറാധാരം നടത്തി വാങ്ങിയ ഭൂമി വഖഫ് നിര്‍വചനത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി.
പാര്‍ട്ടിയിലെ മറ്റു നേതാക്കളോടൊപ്പം ഇന്നലെ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി നിരവധി കുടുംബങ്ങള്‍ ക്രയവിക്രയ അധികാരത്തോടെ കൈവശംവച്ചു
കൊണ്ടിരിക്കുന്നതും അവര്‍ക്ക് സമ്പൂര്‍ണ ഉടമസ്ഥാവകാശമുള്ളതുമായ ഭൂമി സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് നീതിയല്ല.
ഈ ഭൂമി വില്പന നടത്തിയപ്പോള്‍ വാങ്ങിയവര്‍ കൊടുത്ത മുഴുവന്‍ പണവും ഫാറൂഖ് കോളജിന്റെ വികസനത്തിനുവേണ്ടി പ്രയോജനപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെ നിയമപരമായും നീതിപരമായും ഈ സ്ഥലം ഇന്നത്തെ ഭൂവുടമകള്‍ക്ക് പൂര്‍ണമായും അവകാശപ്പെട്ടതും ഒരു കാരണവശാലും വഖഫ് നിര്‍വചനത്തിൽപ്പെട്ട് അവരിൽനിന്ന് എടുത്തുമാറ്റാനാകാത്തതുമാണ്.
കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്കു നല്‍കണമെന്ന നിലപാടാണ് പാര്‍ലമെന്റിനകത്തും പുറത്തും പാര്‍ട്ടി സ്വീകരിച്ചത്. ഈ ആവശ്യം ഉന്നയിച്ചുള്ള തീരദേശ മത്സ്യത്തൊഴിലാളി മഹാസംഗമത്തിന് പാര്‍ട്ടി തയാറെടുക്കുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു.
മുന്‍ എംപി തോമസ് ചാഴികാടന്, മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്, ജില്ലാ പ്രസിഡന്റ് ടോമി കെ. തോമസ്, വി.വി. ജോഷി, എം.എം. ഫ്രാന്‍സിസ്, ടോമി ജോസഫ്, സിറിയക് ചാഴികാഴന്, ജോസി പി. തോമസ്, ജോയി മുളവരിക്കല്‍, ടി.എ. ഡേവിസ്, മാത്യു ചാഴികാടന് എന്നിവരും ജോസ് കെ.മാണിക്കൊപ്പം ഉണ്ടായിരുന്നു.