ഫാ. ഈറ്റയ്ക്കക്കുന്നേൽ ആഗോളസഭയ്ക്ക് കേരളം നൽകിയ പൊന്മുത്ത്: മാർ ആലഞ്ചേരി
Sunday, November 3, 2024 2:02 AM IST
ഭരണങ്ങാനം: കേരള സഭ ആഗോളസഭയ്ക്കു നല്കിയ പൊന്മുത്താണ് ഫാ. ഏബ്രാഹം ഈറ്റയ്ക്കക്കുന്നേല്‍ എന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേലിന്റെ 50-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആദ്യ ഡയറക്ടറായിരുന്ന അദ്ദേഹം എംഎസ്ടി, ഡിഎസ്ടി സഭകളുടെ രൂപീകരണത്തിൽ വഹിച്ച പങ്ക് നിസ്തുലമാണെന്ന് കര്‍ദിനാള്‍ അനുസ്മരിച്ചു. ടി.ജെ. ജോസഫ് തോട്ടക്കര രചിച്ച ഈറ്റയ്ക്കക്കുന്നേലിന്റെ ജീവചരിത്രം കര്‍ദിനാള്‍ പ്രകാശനം ചെയ്തു.
അടിയുറച്ച പ്രാര്‍ഥനയും വിശ്വാസവും കൈമുതലായി ലോകത്തിന് മാര്ഗദീപമേകിയ പുണ്യാത്മാവ് ആയിരുന്നു ഫാ. ഏബ്രഹാം ഇറ്റയ്ക്കക്കുന്നേലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
ഫാ. ഏബ്രഹാം ഇറ്റയ്ക്കക്കുന്നേല് ചാരിറ്റബിള്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു. കുടുംബയോഗം പ്രസിഡന്റ് പ്രമോദ് ഇറ്റയ്ക്കക്കുന്നേല് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. സിറിള്‍ തയ്യില്‍, ഫാ. അനീഷ് ഈറ്റയ്ക്കക്കുന്നേല്‍, ജോസ് കെ. മാണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഫാ. ജോസുകുട്ടി പടിഞ്ഞാറെപീടിക, ഫാ. വിന്‍സെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, പ്രഫ. ലോപ്പസ് മാത്യു, ജോസ് മാത്യു, ഡോ. നോയല്‍ മാത്യൂസ്, തോമസ് നീലിയറ, ജോര്‍ജ് സെബാസ്റ്റ്യന്‍, ജോയിസണ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.