മുനമ്പത്തെ കുടിയിറക്കുഭീഷണി നാടിന്റെ മുഴുവന്‍ വേദന: മാര്‍ തോമസ് തറയില്‍
Monday, November 4, 2024 3:29 AM IST
കൊച്ചി: മുനമ്പം- ചെറായി പ്രദേശങ്ങളിലെ ജനങ്ങള്‍ നേരിടുന്ന കുടിയിറക്കു ഭീഷണി അവരുടെ മാത്രമോ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രമോ പ്രശ്നമല്ലെന്നും ഈ നാടിന്റെ മുഴുവന്‍ വേദനയാണെന്നും ഭരണനേതൃത്വങ്ങള്‍ അതിനെ ഗൗരവത്തോടെ കാണണമെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപതയില്‍ നിന്നും അമ്പതംഗ പ്രതിനിധി സംഘത്തോടൊപ്പം മുനമ്പം സമരപപ്പന്തല് സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എത്തിയതായിരുന്നു മാര്‍ തറയില്‍.
ജനാധിപത്യ രാഷ്ട്രത്തില്‍ നീതി നിഷേധിക്കപ്പെടുന്നത് അപലപനീയമാണ്. ഏറ്റവും ചെറിയവനും തന്റെ ജീവനും സ്വത്തും സംരക്ഷിക്കാനും സുരക്ഷിതമായി ജീവിക്കാനുമുള്ള സാഹചര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിന്റെ മഹനീയത. സ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടി വരുന്നത് സദ്ഭരണത്തിന്റെ ലക്ഷണമല്ല. ഈ വിഷയത്തില്‍ ഭരണകൂടങ്ങളുടെ നിര്‍ദയമായ മൗനം അത്ഭുതപ്പെടുത്തുന്നു. സങ്കുചിത താത്പര്യങ്ങളും പ്രീണന നയങ്ങളും ഉപേക്ഷിച്ച് തുറന്ന സമീപനത്തോടെ ഈ പ്രശ്നം പരിഹരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാകണമെന്നും മാര്‍ തറയില്‍ ആവശ്യപ്പെട്ടു.
അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍, പിആര്‍ - ജാഗ്രതാ സമിതി, വിവിധ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ പ്രതിനിധികളായി വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, പിആര്‍ഒ അഡ്വ.ജോജി ചിറയില്‍, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, സമരസമിതി പ്രതിനിധികളായി ഫാ. ജോഷി മയ്യാറ്റില്‍, ഫാ. ജേക്കബ് കയ്യാലകം എന്നിവര്‍ പ്രസംഗിച്ചു.
റിലേ നിരാഹാരത്തിന് പിന്തുണ നൽകി വിവിധ സംഘടനകള്‍
മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുനമ്പത്ത് സമരസമിതി നടത്തുന്ന റിലേ നിരാഹാര സമരത്തിനു പിന്തുണയറിയിച്ച് 22-ാം ദിനമായ ഇന്നലെ മത, സാമൂഹ്യ നേതാക്കളും വിവിധ സംഘടനകളുടെ പ്രതിനിധികളുമെത്തി. മുനമ്പം കടപ്പുറത്തെ സൂര്യ ക്രിക്കറ്റ് ക്ലബിലെ 15 അംഗങ്ങളും വിനീത് ദേവസി, സെന്സിലോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ നിരാഹാരമിരുന്നു.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, വികാരി ജനറാള്‍ മോണ്‍. റോക്കി റോബി കളത്തില്‍, അഖിലകേരള ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ എംഎല്‍എയുമായ വി. ദിനകരന്, സംസ്ഥാന സെക്രട്ടറി കെ.കെ. തമ്പി, ആലുവ കാര്‍മല്‍ഗിരി സെമിനാരി പ്രഫസര്‍ റവ.ഡോ. ജോഷി മയ്യാറ്റില്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്, ഇലഞ്ഞിയിലെ ജീവകാരുണ്യ മനുഷ്യാവകാശ കൂട്ടായ്മയിലെ ഉണ്ണിക്കൃഷ്ണന് വേലായുധന്, ചെറായി ഇടവക വികാരി ഫാ. ജോണ്സന് എലവുങ്കല്‍, എഴുപുന്ന അമലോത്ഭവ മാതാ ഇടവക വികാരി ഫാ. ജേക്കബ് കയ്യാല, കുടുംബി സേവാസംഘം സംസ്ഥാന സെക്രട്ടറി എ.എസ്. ശ്യാംകുമാര്‍, ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് പള്ളിപ്പുറം യൂണിറ്റ് പ്രതിനിധികളായ ജോസ് ഡികുഞ്ഞ, ബോബി റോഡ്രിഗ്സ്, മില്‍ട്ടൺ ലിവേര, ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി നേതാക്കളായ സുഭാഷ് നായരമ്പലം, എം.എസ്. അരുണ്‍, ബ്രദര്‍ അമല്‍, കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് പി. രാജീവ്, മനുഷ്യാവകാശ സംഘടന ജില്ലാ കണ്‍വീനര്‍ വര്‍ക്കി ചാക്കോ എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.