മുനമ്പത്തിന്റെ ചോദ്യം ജനപ്രതിനിധികളുടെ മറുപടി
Sunday, November 3, 2024 2:53 AM IST
?മുനമ്പത്തെ 600ഓളം കുടുംബങ്ങള്‍ക്കു നീതി കിട്ടാന്‍ വഖഫ് ബോര്‍ഡ് അനധികൃതമായി ഉന്നയിച്ചിരിക്കുന്ന അവകാശവാദങ്ങള്‍ പിന്‍വലിക്കുകയല്ലേ വേണ്ടത്?
ഫാറൂഖ് കോളജിന്റെ അധീനതയിലുള്ള 404 ഏക്കർ ഭൂമി നാട്ടിൽ നിലവിലുള്ള ഭൂമി രജിസ്ട്രേഷൻ നിയമപ്രകാരം ക്രയവിക്രയ അവകാശത്തോടുകൂടി 1992 ഓഗസ്റ്റിൽ മുനമ്പത്തെ കുടുംബങ്ങള്‍ക്ക് വിലയാധാര പ്രകാരം വില്പന നടത്തിയതാണ്.
ഇങ്ങനെ വില്പന നടത്തിയ ഭൂമിയുടെ മുന്നാധാരമടക്കമുള്ള രേഖകൾ പരിശോധിച്ച് റവന്യു ഡിപ്പാർട്ട്മെന്റ് ഈ സ്ഥലം വാങ്ങിയ വ്യക്തികളുടെ പേരിൽ പോക്കുവരവ് നടത്തി ഉടമസ്ഥാവകാശം കൊടുത്തിട്ടുള്ളതാണ്. ഇതിനുശേഷം ഈ ഭൂമി വാങ്ങിയവരും അവരുടെ അനന്തരാവകാശികളും 2022 വരെ വില്ലേജ് ഓഫീസിൽ കരമടച്ച് ഈ ഭൂമി കൈവശം വച്ച് സർവസ്വാതന്ത്ര്യത്തോടെ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്.
ഏകദേശം 610 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. ഈ ഭൂമി വില്പന നടത്തിയപ്പോൾ വാങ്ങിയവര്‍ കൊടുത്ത മുഴുവന്‍ പണവും ഫറൂഖ് കോളജ് അതിന്റെ വികസനത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മുനമ്പത്ത് ഭൂമി വഖഫിന്റെ പരിധിയിൽ വരുന്നതാണെന്ന് പറയാൻ കഴിയില്ല.
കേരളം മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും നാടാണ്. അതു നിലനിര്‍ത്താനുള്ള നടപടി സ്വീകരിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമാണ്. ഭാവിയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കുകയും വേണം.
?കേരളത്തിന്റെ മതസൗഹാര്‍ദവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിന് വഖഫ് ബോര്‍ഡിനെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമോ
കേരളം മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലമാണ്. മതസൗഹാര്‍ദം നിലനിര്‍ത്താനും മതമൈത്രി പുലരാനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും മറ്റെല്ലാ സംഘടനകളും ചേർന്ന് ഒരേ മനസോടെ യോജിച്ചു പരിശ്രമിക്കേണ്ടതാണ്. ഇതിനാവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് കേരള കോൺഗ്രസ് എം ക്രിയാത്മകമായ പരിശ്രമങ്ങൾ നടത്തും.
?വഖഫ് നിയമത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ ഭേദഗതി ചെയ്യുന്നതിനെ എതിര്‍ക്കുന്നത് ശരിയാണോ
വളരെ തിടുക്കപ്പെട്ടാണ് വഖഫ് നിയമ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത്. എംപിമാർക്ക് ഈ ഭേദഗതി നിർദേശങ്ങളെക്കുറിച്ച് വേണ്ടത്ര പഠിക്കുന്നതിനോ ഭേദഗതി നിർദേശങ്ങളുടെ വ്യാപ്തി മനസിലാക്കുന്നതിനോ സമയം സർക്കാർ നൽകിയില്ല. കൂടുതല്‍ കൂടിയാലോചനകളും വിശദമായ ചർച്ചയും ആവശ്യമുള്ള കാര്യമാണിത്. ഭേദഗതി നിർദേശങ്ങൾ നിലവിൽ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്.
അതു വിശദമായി ചർച്ച ചെയ്യുന്നതിനും പഠിക്കുന്നതിനുമൊപ്പം നിലവിലുള്ള വഖഫ് നിയമത്തിലോ ഇനി വരാന്‍ പോകുന്ന ബില്ലിലോ ജനാധിപത്യവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ അതിനെ എതിര്‍ക്കുന്നതായിരിക്കും. ഒപ്പം, ആരുടെയെങ്കിലും അവകാശങ്ങളെ ജനാധിപത്യവിരുദ്ധമായും സ്വേച്ഛാധിപത്യപരമായും കവർന്നെടുക്കാനുള്ള ശ്രമങ്ങൾ ഭേദഗതി നിർദേശങ്ങളിൽ ഉണ്ടെങ്കിൽ അതിനെയും അതിശക്തമായി എതിർക്കും.
ഇതിനെല്ലാം വിപുലമായ കൂടിയാലോചനകളും വിശദമായ ചര്‍ച്ചകളും ആവശ്യമാണ്. സത്യത്തിന്റെയും ശരിയുടെയും പാതയിൽ അടിയുറച്ചു നിന്നുകൊണ്ട് നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് കേരള കോൺഗ്രസ്-എം പാർട്ടി ഇക്കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിക്കുകതന്നെ ചെയ്യും.
കൈവശഭൂമിയുടെ പരിപൂർണ ഉടമസ്ഥാവകാശത്തിനായി നിരവധി ഭൂസമരങ്ങൾക്ക് കേരളത്തിൽ നേതൃത്വം കൊടുത്ത പാർട്ടിയാണ് കേരള കോൺഗ്രസ് -എം. ആ നിലപാടിൽ വിട്ടുവീഴ്ചയില്ല.