മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സാപ്പ് ഗ്രൂപ്പ്; വിശദ അന്വേഷണത്തിനു സംസ്ഥാന സർക്കാർ
Tuesday, November 5, 2024 2:49 AM IST
തിരുവനന്തപുരം: ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയത് ഗൗരവമായി പരിശോധിക്കാൻ സർക്കാർ. വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ സൈബർ സെല്ലിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തും.
കേസ് എടുക്കുന്നതിനു മുന്നോടിയായി വിവരങ്ങൾ തേടി വാട്സാപ്പ് അധികൃതർക്കു പോലീസ് കത്ത് നൽകി. ഗോപാലകൃഷ്ണന്റെ വാട്സ് ആപ് ഹാക്ക് ചെയ്തതിൽ തെളിവു തേടിയാണ് കത്ത് നൽകിയത്.
മറുപടി ലഭിച്ചശേഷം തീരുമാനമെടുക്കുന്നതിനാണ് പോലീസ് തയാറെടുക്കുന്നത്. സംഭവത്തിൽ ഗോപാലകൃഷ്ണന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും. നിലവിൽ കേസെടുക്കാൻ കൃത്യമായ തെളിവില്ലെന്നും പ്രാഥമിക അന്വേഷണത്തിനു ശേഷമായിരിക്കും കേസെടുക്കുകയെന്നുമാണ് പോലീസ് വിശദീകരണം.
അതേസമയം, മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സാപ്പ് ഗ്രൂപ്പിനു ശേഷം താൻ അഡ്മിനായി മല്ലു മുസ്ലിം ഓഫീസേഴ്സ് എന്ന പേരിലും ഒരു ഗ്രൂപ്പ് ആരോ ഉണ്ടാക്കിയതായും ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു. സുപ്രധാന വിഷയമായതിനാൽ പോലീസ് അന്വേഷണ റിപ്പോർട്ട് വരുന്നതിനായി കാത്തിരിക്കുകയാണ് ആഭ്യന്തര വകുപ്പ്.
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ കെ. ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കി മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റാക്കിയതു വിവാദമായിരുന്നു.തന്റെ ഫോണ് ഹാക്ക് ചെയ്തെന്ന പരാതിയിൽ ഗോപാലകൃഷ്ണൻ ഉറച്ചുനിൽക്കുകയാണ്.
ഫോണ് ഹാക്ക് ചെയ്ത് 11 വാട്സാപ് ഗ്രൂപ്പുകൾ ആരോ ഒറ്റയടിക്ക് ഉണ്ടാക്കിയെന്നാണ് വിശദീകരണം.
മല്ലു മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പും ആരോ ഉണ്ടാക്കി. ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്ലിം ഗ്രൂപ്പ് നിലവിൽവന്നത്. തന്റെ ഫോണ് കോണ്ടാക്ടിലുള്ളവരെ ചേർത്താണ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതെന്നും ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു. സംഭവം വിവാദമായതിനു പിന്നാലെ ഗ്രൂപ്പുകൾ ഡിലീറ്റായി.