കാട്ടുപന്നി കുറുകേ ചാടി; ബൈക്ക് യാത്രികനായ വൈദികന് ഗുരുതര പരിക്ക്
Tuesday, November 5, 2024 1:40 AM IST
അഞ്ചൽ: റോഡിൽ കുറുകേ ചാടിയ കാട്ടുപന്നിയെ ഇടിച്ചുവീണ് ബൈക്ക് യാത്രികനായ വൈദികന് ഗുരുതരമായി പരിക്കേറ്റു. ഇടിയേറ്റ കാട്ടുപന്നി റോഡരികിൽ ചത്തുവീണു.
കഴിഞ്ഞ ദിവസം രാവിലെ ആയൂർ ചുണ്ട മുകൾ റോഡിൽ കുഴിയം റേഷൻകടയ്ക്കു സമീപമാണ് സംഭവം. ചണ്ണപ്പേട്ട മണക്കോട് പള്ളി വികാരി ഫാ. കെവിൻ വർഗീസി(32)നാണ് പരിക്കേറ്റത്. ആയൂർ പള്ളിയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനു വേണ്ടി ഇതുവഴിയെത്തിയതായിരുന്നു വൈദികൻ.
പരിക്കേറ്റ വൈദികനെ നാട്ടുകാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഞ്ചൽ റേഞ്ച് വന പാലകരെത്തി ചത്ത കാട്ടുപന്നിയെ നീക്കം ചെയ്തു.
ഇവിട രാവും പകലുമെന്നില്ലാതെ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാണെന്നും നടപടി വേണമെന്നും നാട്ടുകാര് പറയുന്നു.