കുഴൽപ്പണം വെളിപ്പെടുത്തൽ ബിജെപിക്കുള്ളിലെ പകപോക്കൽ?
Tuesday, November 5, 2024 2:49 AM IST
തൃശൂർ: കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തൽ ബിജെപിക്കുള്ളിലെ പകപോക്കലെന്നു രാഷ്ട്രീയ നിരീക്ഷകർ. ലക്ഷ്യമിടുന്നതു പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ. ബിജെപി മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിനു പിന്നിലെ മാസ്റ്റർ ബ്രെയിൻ ബിജെപിയിലെ പ്രമുഖ വനിതാനേതാവായ ശോഭ സുരേന്ദ്രനാണെന്നാണ് ആക്ഷേപം.
വെളിപ്പെടുത്തലിനു പിന്നിൽ സിപിഎമ്മും, സതീഷുമായി ബന്ധം ആരോപിച്ചു തനിക്കെതിരേ നീക്കം നടത്തുന്നതു വാർത്താചാനൽ മുതലാളിയും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാവ് ഇ.പി. ജയരാജനുമാണെന്നും പൊതുജനമധ്യത്തിൽ പഴിചാരി, കുഴൽപ്പണക്കേസ് ഏതുവിധേനയും പുനരന്വേഷിപ്പിക്കാനാണു ശോഭയുടെ നീക്കം.
ദേശീയതലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനുള്ള പ്രിയം ഇല്ലാതാക്കാനും നിയമക്കുരുക്കിൽ തളയ്ക്കാനുമുള്ള ശ്രമമാണു നടക്കുന്നതെന്നു രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
നിരീക്ഷണത്തെ രഹസ്യമായി ഉറപ്പിക്കുകയാണ് ബിജെപി ജില്ലാ നേതാക്കളും ഒരുവിഭാഗം പ്രവർത്തകരും. ശോഭ സുരേന്ദ്രൻ കഴിഞ്ഞദിവസം തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിലെ ചില വെല്ലുവിളികളും പരോക്ഷ വെളിപ്പെടുത്തലുകളും തുടർന്നുള്ള നീക്കങ്ങളുമാണ് വിലയിരുത്തലിന് ആധാരം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി - സിപിഎം രഹസ്യബന്ധത്തിന്റെ ഊഷ്മളതയിൽ കരുവന്നൂർ വിഷയം തിരയടിക്കാതെപോയതും ഇഡി അന്വേഷണം കരയ്ക്കടിഞ്ഞതും നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കുത്തിപ്പൊക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതു വ്യക്തമാക്കുന്നത് സിപിഎം-ബിജെപി ഡീൽ സാന്പത്തിക ഇടപാടുകളുമായി കൂടിപ്പിണഞ്ഞു കിടക്കുന്നു എന്നതാണെന്നും വിലയിരുത്തപ്പെടുന്നു.
കേരളരാഷ്ട്രീയത്തിൽനിന്നും പൊതുപ്രവർത്തനരംഗത്തുനിന്നും തന്നെ വീട്ടിലേക്കു വിടാനാണ് ആരെങ്കിലും ശ്രമിക്കുന്നതെങ്കിൽ അവരുടെ മുഖപടം ചീന്തിയെറിഞ്ഞുകളയാനുള്ള ബന്ധങ്ങൾ തനിക്കും കേന്ദ്രതലത്തിലുണ്ടെന്നു ശോഭ ഭീഷണി മുഴക്കിയതു കെ. സുരേന്ദ്രനുള്ള താക്കീതായിരുന്നുവെന്നു നിരീക്ഷകർ കരുതുന്നു.
രണ്ടുവർഷത്തോളം ബിജെപിയുടെ ഒരു പ്രവർത്തനത്തിലും പങ്കാളിത്തമില്ലാതെ ഞാൻ വീടിനകത്തിരുന്നില്ലേ, ആ സമയത്ത് ഈ കൊടകര കുഴൽപ്പണക്കേസ് ഇവിടെ ഉണ്ടായില്ലേ. അതു നിങ്ങൾ ചർച്ച ചെയ്തില്ലേ എന്നെല്ലാം ചോദിച്ചത് അന്നു തന്നെ വീട്ടിലിരുത്തിയ പാർട്ടി അധ്യക്ഷനോടായിരുന്നുവെന്നാണ് നിരീക്ഷകമതം.
തിരൂർ സതീഷ് തന്റെ ഡ്രൈവറല്ലായിരുന്നുവെന്നും തന്റെ വീടുപണിയുടെ മേൽനോട്ടം സതീഷിനെ ഏല്പിച്ചിട്ടില്ലെന്നും തന്റെ പ്രവർത്തനങ്ങളിൽ ഒരു രീതിയിലും സതീഷ് പങ്കാളിത്തം വഹിച്ചിട്ടില്ലെന്നുമാണ് ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയത്.
പിന്നാലെ, വീട്ടിലെത്തിയ ശോഭയോടൊപ്പം ഭാര്യ നിൽക്കുന്ന ഫോട്ടോ തിരൂർ സതീഷ് പുറത്തുവിട്ടു. ശോഭ സുരേന്ദ്രൻ തന്നെ കൈവിടുമോയെന്ന ഭയമാണ് ചിത്രം പുറത്തുവിടാനുള്ള കാരണമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.