കെഎസ്ആർടിസി ദീർഘദൂര ബസുകൾക്ക് ഭക്ഷണത്തിനായി ഇടത്താവളങ്ങൾ
Tuesday, November 5, 2024 1:40 AM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ യാത്രക്കാർക്ക് ഭക്ഷണത്തിനായി ഇനി ഓപ്പറേറ്റിംഗ് സ്റ്റാഫിന് ഇഷ്ടമുള്ളിടത്ത് നിർത്തരുത്.
ഭക്ഷണത്തിനും ചായയ്ക്കുമായി ജീവനക്കാർ ഇനി കെഎസ്ആർടിസി നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ മാത്രമേ നിർത്താവൂ. ഇത്തരത്തിൽ 24 ഇടത്താവളങ്ങളാണ് കേരളത്തിൽ കെഎസ്ആർടിസിയുടെ എസ്റ്റേറ്റ് വിഭാഗം അംഗീകരിച്ച് നിർദേശിച്ചിട്ടുള്ളത്. കായംകുളത്തിനടുത്ത് കെടിഡിസിയുടെ ആഹാർ ഹോട്ടലും പട്ടികയിലുണ്ട്. മറ്റ് 23 ഉം സ്വകാര്യ ഹോട്ടലുകളാണ്.
നിലവിൽ അംഗീകൃതവും അംഗീകാരവുമില്ലാത്ത ഹോട്ടലുകളാണ് ജീവനക്കാർ ഇടത്താവളമായി ബസ് നിർത്തിയിരുന്നത്. ഇത്തരം ഹോട്ടലുകളെക്കുറിച്ച് യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ എസ്റ്റേറ്റ് വിഭാഗം സമഗ്രമായ പഠനം നടത്തുകയും താല്പര്യപത്രം ക്ഷണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഇടത്താവളങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ദീർഘദൂര ബസുകളിൽ ഇടത്താവളങ്ങളുടെ പേരും നിർത്തുന്നസമയവും യാത്രക്കാർക്ക് കാണത്തക്കവിധം എഴുതിവയ്ക്കും.
പ്രഭാതഭക്ഷണത്തിന് രാവിലെ 7.30 മുതൽ 9 വരെയും ഉച്ചയൂണിന് 12.30 മുതൽ രണ്ടുവരെയും ചായ, ലഘുഭക്ഷണം എന്നിവയ്ക്ക് നാലുമുതൽ ആറുവരെയും രാത്രി ഭക്ഷണത്തിന് എട്ടു മുതൽ 11 വരെയുമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. അന്തർ സംസ്ഥാന പാതകളിൽ രണ്ടിടത്തും സംസ്ഥാന ഹൈവേകളിൽ മൂന്നിടത്തും മെയിൻ സെൻട്രൽ (എംസി) റോഡിൽ ഏഴിടത്തും ദേശീയപാതയിൽ പന്ത്രണ്ട് ഇടത്തുമാണ് ഇടത്താവളങ്ങൾ.
ഇടത്താവളങ്ങൾ: കുറ്റി വട്ടം, വവ്വാക്കാവ്, നങ്ങ്യാർകുളങ്ങര, പുന്നപ്ര, കരുവാറ്റ, തിരുവമ്പാടി, മതിലകം, മണ്ണൂർ, തലപ്പാറ, നാട്ടുകാൽ, സുൽത്താൻബത്തേരി, കമടി, താന്നിപ്പുഴ, കൂത്താട്ടുകുളം, കോട്ടയം എസ്എച്ച് മൗണ്ട്, വയയ്ക്കൽ, പേരാമ്പ്ര, പാലപ്പുഴ, കൊട്ടാരക്കര, ഇരട്ടക്കുളം, കായംകുളം, കൊടുങ്ങല്ലൂർ, അടിവാരം, മേപ്പാടി.
കെഎസ്ആർടിസി ഡിപ്പോകളിലെ കാന്റീനുകൾ നിലവിലെ പോലെ പ്രവർത്തിക്കും. ഈ ഇടത്താവളങ്ങളിൽ മാത്രമാണ് ദീർഘദൂര ബസുകൾ നിർത്തുന്നതെന്ന് ഉറപ്പാക്കാനും യൂണിറ്റ് അധികൃതർക്ക് നിർദേശമുണ്ട്.