ബിജെപി വിടുമെന്ന സൂചന നൽകി സന്ദീപ് വാര്യർ
Tuesday, November 5, 2024 2:49 AM IST
പാലക്കാട്: പാർട്ടിയിൽനിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യർമാർ പാലക്കാട്ടുണ്ടെന്നും അത്തരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ.
ബിജെപിയിൽ ജനാധിപത്യവിരുദ്ധ നടപടികളാണുണ്ടാകുന്നത്. ഇനി പ്രതീക്ഷയില്ല. ഇപ്പോഴും ബിജെപി പ്രവർത്തകനാണ്. നടപടി നേരിടാൻ മാത്രം യോഗ്യതയുള്ള നേതാവല്ല താൻ. വെറുമൊരു സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ്. പാലക്കാട് പ്രചാരണത്തിനു പോകില്ലെന്നും സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ രണ്ടുതവണ വിളിച്ചിരുന്നു. പാലക്കാട്ട് പ്രചാരണത്തിൽ സജീവമാകണമെന്നു പറഞ്ഞിരുന്നു. തന്റെ പരാതികൾ അപ്പോൾ അറിയിച്ചിരുന്നെങ്കിലും പരിഹരിക്കാനുള്ള നടപടിയുണ്ടായില്ല. അപമാനം സഹിച്ച് ഇനിയും പ്രവർത്തിക്കാനാവില്ല.
നാട്ടിലെ ബിജെപി പ്രവർത്തകർക്കൊപ്പംതന്നെ തുടരും. ജാതിമത-രാഷ്ട്രീയങ്ങൾക്ക് അതീതമായിട്ടുള്ള പ്രവർത്തനമാണ് ഇവിടെ നടത്തിവരുന്നത്. അത് ഇവിടെ തുടരാൻ തനിക്കു പ്രയാസമില്ല. സിപിഎമ്മുമായി യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.