“കൊടകര കുഴൽപ്പണക്കേസ് ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല, ചാക്കിന്‍കെട്ടിലെ കറന്‍സി”
Tuesday, November 5, 2024 2:49 AM IST
പാലക്കാട്: കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിയാകേണ്ട കെ. സുരേന്ദ്രന് പറഞ്ഞത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ്. ഇതു ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല, ചാക്കിന്‍കെട്ടിലെ കറന്‍സിയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ബിജെപി പ്രസിഡന്റ് നനഞ്ഞുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെതിരായ ആരോപണം സിപിഎമ്മും കൈരളി ടിവിയും പ്രചരിപ്പിക്കുന്നതു മറുപടി അർഹിക്കുന്നില്ല. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയില്‍ കലാപം നടക്കുകയാണ്.
കേസില്‍ സര്‍ക്കാരും ഒത്തുകളിച്ചു. 41 കോടി 40 ലക്ഷം രൂപ എവിടെനിന്നാണ് വന്നതെന്നും ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനാണ് സ്വീകരിച്ചതെന്നും മൊഴികളുണ്ട്.
വിഷയത്തെ രാഷ്ട്രീയപ്രചാരണത്തിനുപോലും സിപിഎമ്മും പിണറായി വിജയനും ഉപയോഗിക്കാത്തത് അദ്ഭുതകരമാണ്. രണ്ടുകൂട്ടരുംചേര്ന്ന് ഇതു മൂടിവച്ചു.
അന്വേഷണത്തിനു കേന്ദ്ര ഏജന്‍സികളില്‍ സമ്മര്‍ദം ചെലുത്താതെ സിപിഎമ്മും ബിജെപിയും പരസ്പരം പുറം ചൊറിഞ്ഞുകൊടുത്തുവെന്നും സതീശൻ കുറ്റപ്പെടുത്തി.