അന്വേഷണം അട്ടിമറിച്ചത് സിപിഎം-ബിജെപി കൂട്ടുകെട്ട്: സതീശന്
Sunday, November 3, 2024 2:53 AM IST
കൊച്ചി: കൊടകരക്കുഴല്‍പ്പണ കേസ് അന്വേഷണം അട്ടിമറിച്ചത് സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ നിരപരാധിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാദം പൂര്‍ണമായും തെറ്റാണ്.
41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നെന്നും കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദേശിച്ചത് കെ. സുരേന്ദ്രനാണെന്നും പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ത്തന്നെ വ്യക്തമായതാണ്. എന്നിട്ടും കള്ളപ്പണ ഇടപാടില്‍ കേസെടുക്കാന്‍ ഇഡി തയാറായില്ല എന്നത് വിസ്മയിപ്പിക്കുന്നു.
അന്വേഷണത്തിനായി സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായതുമില്ല.പിണറായി വിജയന് കേരള ബിജെപിയില്‍ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണു ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍. ശോഭ രാഷ്ട്രീയത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരില്‍ പ്രധാനി പിണറായി വിജയനാണെന്നാണ് അവരുടെ ആരോപണം.
കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ചേര്‍ന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പരോക്ഷ ആരോപണമാണു ശോഭ സുരേന്ദ്രന് ഉന്നയിക്കുന്നത്.
സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തിനില്‍ക്കുന്നു എന്നതിനു തെളിവാണ് ശോഭ സുരേന്ദ്രന്റെ വാക്കുകള്‍. ഇത്രയും ദുഷിച്ച രാഷ്ട്രീയബന്ധത്തിന് ഉപതെരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കുമെന്നും വി.ഡി. സതീശന് പറഞ്ഞു.