മുരളീധരൻ സ്വന്തം താത്പര്യപ്രകാരം പാലക്കാട്ട് പ്രചാരണത്തിനു വരില്ല: പദ്മജ
Tuesday, November 5, 2024 2:49 AM IST
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ വീണ്ടും വിമര്‍ശനവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍. പാലക്കാടൊന്നും ആരുമില്ലേ സ്ഥാനാര്‍ഥിയായി നിര്‍ത്താനെന്നും പത്തനംതിട്ടയില്‍നിന്ന് കൊണ്ടുവരേണ്ടതുണ്ടോ എന്നും പദ്മജ പാലക്കാട്ട് പത്രസമ്മേളനത്തിൽ ചോദിച്ചു.
കെ. മുരളീധരന് ഒരിക്കലും സ്വന്തം താത്പര്യപ്രകാരം പാലക്കാട്ട് തെരഞ്ഞെടുപ്പുപ്രചാരണത്തിനു വരില്ലെന്നും പദ്മജ പറഞ്ഞു. അമ്മയെ പറഞ്ഞ ആരോടും മുരളീധരന് മനസില്‍ ക്ഷമിക്കില്ല. അത് എനിക്കും അറിയാം. പാര്‍ട്ടി പറഞ്ഞാല്‍ അദ്ദേഹത്തിനു പലതും ചെയ്യേണ്ടിവരും.
എന്റെ ജീവിതത്തില്‍ മുരളീധരന് കരഞ്ഞുകണ്ടത് അമ്മ മരിച്ച സമയത്താണ്. അത്രയ്ക്കാണ് അമ്മയോടുള്ള അടുപ്പം. രാഹുല്‍ ജയിക്കാന്‍ അദ്ദേഹം ഒരിക്കലും മനസില്‍ ആഗ്രഹിക്കില്ല- പദ്മജ കൂട്ടിച്ചേര്‍ത്തു.