സിൽവർലൈൻ പദ്ധതിക്കു സന്നദ്ധം: കേന്ദ്രമന്ത്രി
Monday, November 4, 2024 3:29 AM IST
തൃശൂർ: സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ-റെയിലിന്റെ സിൽവർലൈൻ പദ്ധതിക്കു സന്നദ്ധമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. “മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണു സംസ്ഥാനം അറിയിച്ചത്. എൻഡിഎ സർക്കാർ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു. കേന്ദ്രവും കേരളവും സഹകരണത്തോടെ മുന്നോട്ടുപോകും.”-മന്ത്രി കൂട്ടിച്ചേർത്തു.
പുതുക്കിനിർമിക്കുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റെ അന്തിമരൂപരേഖ വിലയിരുത്താനും മറ്റു പരിശോധനകൾക്കും എത്തിയതായിരുന്നു കേന്ദ്രമന്ത്രി. ഷൊർണൂർമുതൽ ബംഗളൂരുവരെയുള്ള റെയിൽപ്പാത നാലുവരിയാക്കും. അനുബന്ധമായി ഷൊർണൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം പാത മൂന്നു ലൈനുകളാക്കിമാറ്റും. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കും. എറണാകുളം-കോട്ടയം- തിരുവനന്തപുരം മൂന്നുവരിപ്പാതയ്ക്കു 14 ശതമാനം ഭൂമി മാത്രമാണു സംസ്ഥാനസർക്കാർ ഏറ്റെടുത്തുനൽകിയത്.
കേരളത്തിനു കൂടുതൽ മെമു അനുവദിക്കും. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മാതൃകയിൽ അങ്കമാലി- എരുമേലി റെയിൽപ്പാത യാഥാർഥ്യമാക്കാനുള്ള ശ്രമമാണു നടത്തുന്നത്. മഹാരാഷ്ട്രയ്ക്കു നൽകിയ ധാരണാപത്രത്തിന്റെ മാതൃക കേരളത്തിനു നൽകി തുടർനടപടി സ്വീകരിക്കും. കേരളം മുന്പോട്ടുവച്ച വ്യവസ്ഥകൾ പരിശോധിക്കുകയാണ്. വന്ദേഭാരത് കോട്ടയംവഴിയാക്കാൻ റെയിൽവേ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുൻകേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിർവാഹകസമിതിയംഗവുമായ വി. മുരളീധരൻ പി.കെ. കൃഷ്ണദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, എന്നിവരും ഒപ്പമുണ്ടായിരുന്നു.