വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
Monday, November 4, 2024 3:29 AM IST
ഫോര്‍ട്ട്കൊച്ചി: നിറയെ യാത്രക്കാരുമായി എറണാകുളത്തുനിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്കു വരികയായിരുന്ന കൊച്ചി വാട്ടര്‍ മെട്രോ ബോട്ടും ഫോര്‍ട്ട്കൊച്ചിയില്‍നിന്നു പുറപ്പെടുകയായിരുന്ന വാട്ടര്‍ മെട്രോയുടെ മറ്റൊരു ബോട്ടും തമ്മില്‍ കൂട്ടിയിടിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ഇരു ബോട്ടുകളുടെയും വേഗത കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടസമയത്ത് ഇരു ബോട്ടുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നും യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചെന്നും വാട്ടര്‍ മെട്രോ അധികൃതര്‍ പറഞ്ഞു.
റോറോ വെസലുകള്‍ക്ക് കടന്നുപോകുന്നതിനായി വഴി കൊടുക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് വാട്ടര്‍ മെട്രോയുടെ വിശദീകരണം. കൂട്ടിയിടിക്കുകയായിരുന്നില്ല മറിച്ച് ഉരസുകമാത്രമാണ് ഉണ്ടായതെന്നും വാട്ടര്‍ മെട്രോ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ബോട്ടുകള്‍ കൂട്ടി മുട്ടുന്നതിനു മുന്‍പായി ഇരു ബോട്ടുകളിലും അപായമണി മുഴങ്ങുകയും എമര്‍ജന്‍സി വാതിലുകള്‍ തനിയെ തുറക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ബോട്ടുകള്‍ ഉലഞ്ഞതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിച്ചു..
ബോട്ട് ക്യാബിന് ക്രൂവിന്റെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം. സംഭവം ഉണ്ടായിട്ടും ബോട്ടിലെ ജീവനക്കാര്‍ യാത്രക്കാരോട് ഒന്നും അന്വേഷിക്കാന്‍ തയാറായില്ലെന്നും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും യാത്രക്കാര്‍ പറഞ്ഞു.
അതേസമയം, അപകടത്തിനുശേഷം ബോട്ടിലുണ്ടായിരുന്ന മൂന്ന് യുട്യൂബര്‍മാരുടെ ഭാഗത്തുനിന്ന് യാത്രയ്ക്ക് തടസം സൃഷ്ടിക്കും വിധം മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് വാട്ടര്‍ മെട്രോ പത്രക്കുറിപ്പില്‍ പറഞ്ഞു. സംഭവത്തിനുശേഷം ഇവര്‍ ബോട്ടിന്റെ ക്രൂ ഇരിക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരോട് കയര്‍ക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. അപകടത്തില്‍ വാട്ടര്‍മെട്രോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.