മെഡിസെപ് നിർത്തലാക്കില്ല; അടുത്ത ഘട്ടത്തിലെ മാറ്റം പഠിക്കാൻ സമിതി
Sunday, November 3, 2024 2:53 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് നിർത്തലാക്കില്ല. 2025 ജൂലൈ ഒന്നു മുതലുള്ള അടുത്ത ഘട്ടം നടപ്പാക്കുന്പോൾ വരുത്തേണ്ട മാറ്റം പഠിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു.
ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഏറെ വിമർശനം നേരിടുന്ന മെഡിസെപ് പദ്ധതി നിർത്തലാക്കുമെന്ന പ്രചാരണം സജീവമായിരിക്കേയാണ് അടുത്ത ഘട്ടം നടപ്പാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്.
ധനകാര്യ റിസോഴ്സ് സ്പെഷൽ സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമൻ ചെയർമാനായ വിദഗ്ധ സമിതിയിൽ മെഡിസെപ് മുൻ സാങ്കേതിക ഉപദേഷ്ടാവ് അരുണ്‍ ബി. നായരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. ടി. ജയകുമാർ, പ്രഫ. ബിജു സോമൻ, ഡോ. എം.വി. ജയകൃഷ്ണൻ, ഡോ. എ.എൽ. ലിഗീഷ്, ഡോ. ബിജോയ് എന്നിവരും സമിതിയിലുണ്ട്.
മെഡിസെപ് പദ്ധതിയിലെ മെഡിക്കൽ, സർജിക്കൽ പാക്കേജുകളും നിരക്കുകളും നിശ്ചയിക്കുന്നതിനും പുതുക്കുന്നതും സമിതിയുടെ പ്രധാന ചുമതലകളായി നിർദേശിച്ചിട്ടുണ്ട്.