സ്വര്‍ണക്കടത്തില്‍ പി. ശശിക്കു പങ്കുണ്ടെന്നാവര്‍ത്തിച്ച് അന്‍വര്‍
Tuesday, October 1, 2024 4:15 AM IST
നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കു സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. സ്വര്‍ണക്കടത്തും ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥതയാണു തനിക്കെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിക്കു ബോധ്യപ്പെടേണ്ട സമയം അതിക്രമിച്ചുവെന്നും അന്‍വര്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു.
“ഇതു വിപ്ലവമായി മാറുമെന്നു ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അതില്‍ എല്ലാം പെടും. കേരളത്തിലെ യുവാക്കള്‍ നിരാശരാണ്. തൊഴിലിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് അവര്‍ വിദേശത്തേക്ക് ഒഴുകുന്നത്. ഇക്കാര്യത്തിലെ യാഥാര്‍ഥ്യത്തെ മറികടക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്”- എംഎല്‍എ പറഞ്ഞു.
പാര്‍ട്ടിക്കാരോട് ആരോടും വിശദീകരണ യോഗത്തിന് വരണമെന്നു പറഞ്ഞില്ല. ഒറ്റയ്ക്കു സംസാരിക്കാനായിരുന്നു തീരുമാനം. ആരെയും പുറത്തിറക്കി പ്രതിസന്ധിയിലാക്കാന്‍ ഉദ്ദേശ്യമില്ല. ഇപ്പോള്‍ ഞാന്‍ ഇവിടെയിരുന്നു ചിന്തിച്ചാല്‍ 25 പഞ്ചായത്ത് എല്‍ഡിഎഫിന്റെ കൈയില്‍നിന്നു പോകും.
പാര്‍ട്ടി അങ്ങനെയൊരു വെല്ലുവിളിക്കു വരികയാണെങ്കില്‍ ഞാന്‍ തയാറാണ്. നിലമ്പൂര്‍ മാത്രമല്ല, മലപ്പുറത്തും ചിലപ്പോള്‍ കോഴിക്കോട്ടും പഞ്ചായത്തുകള്‍ നഷ്ടപ്പെടും. ചിലപ്പോള്‍ പാലക്കാട്ടും നഷ്ടപ്പെടും. അതിലേക്കു പോകണമോ എന്ന് സിപിഎം നേതൃത്വം ആലോചിച്ചാല്‍ മതി. എന്നെ ചൊറിഞ്ഞാല്‍ ഞാനും ചൊറിയും.
ഈ നിമിഷം വരെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല. പോലീസ് കാരണം പാര്‍ട്ടിക്കുണ്ടായ തളര്‍ച്ച സൂചിപ്പിച്ചപ്പോള്‍ എന്നെ കള്ളനാക്കാനാണ് മുഖ്യമന്ത്രി വന്നത്. അത് ഞാന്‍ സഹിക്കുമോ? എന്നെ മത, വര്‍ഗീയവാദിയാക്കാനും പരിശ്രമിക്കുന്നുണ്ട്. വര്‍ഗീയവാദി അല്ല എന്നു തെളിയിക്കേണ്ടത് എന്റെ അധികബാധ്യതയായി വന്നിരിക്കുകയാണ്. ഞാന്‍ ഇക്കാര്യത്തിലാണ് ശ്രദ്ധിക്കുന്നത്. ഇനി അതു പറഞ്ഞു നടക്കാന്‍ ഞാനില്ല.
സംസ്ഥാന സെക്രട്ടറി എന്നെ പുറത്താക്കുന്നതു വൈകുന്നേരമാണ്. അതിനു മുമ്പ് മോഹന്‍ദാസിന്റെ പ്രസംഗം എല്ലാവരും കേട്ടിട്ടുണ്ട്. ഞാന്‍ ഈ പറഞ്ഞതില്‍ ഒതുങ്ങിനില്‍ക്കുകയാണ്. അതിന് അപ്പുറത്തേക്കു ജയിലും കേസും വരട്ടെ. അപ്പോള്‍ നോക്കാം-അന്‍വര്‍ പറഞ്ഞു.
ജനം ഒരു പാര്‍ട്ടിയായാല്‍ അതിനു മുന്നില്‍ ഞാനുണ്ടാകും
നിലമ്പൂര്‍: ജനം ഒരു പാര്‍ട്ടിയായാല്‍ അതിനു മുന്നില്‍ ഞാനുണ്ടാകുമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. മുന്നില്‍ ഞാനുണ്ടാകും എന്നു പറഞ്ഞതില്‍ എല്ലാമുണ്ട്. വിഷയത്തില്‍ ഒരുപാട് ആളുകള്‍ പ്രതികരിക്കുന്നുണ്ട്. എനിക്ക് സ്വാര്‍ഥതാത്പര്യങ്ങളില്ലാത്തതിനാല്‍ തിരക്കില്ല.
പി.വി. അന്‍വറിന്റെ പൊതുയോഗത്തിലേക്ക് ആളുകള്‍ എത്തിയത് താത്കാലികം മാത്രമാണെന്നാണു ടി.പി. രാമകൃഷ്ണന് പറഞ്ഞത്. ആ സമാധാനത്തില്‍ അദ്ദേഹം ഉറങ്ങട്ടെ. സ്വര്‍ണക്കടത്തും ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥതയാണ് തനിക്കെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.
പോലീസിന് ഇത് പിടിച്ച് കസ്റ്റംസില്‍ കൊടുത്താല്‍ പോരേ എന്നാണു ചോദ്യം. എന്താണ് മുഖ്യമന്ത്രി തലയ്ക്കു വെളിവില്ലാതെ ഈ പറയുന്നത്. കാര്യങ്ങള്‍ മനസിലാകാത്തതുകൊണ്ടല്ല മുഖ്യമന്ത്രി ഈ രീതിയില്‍ എന്നെ ചിത്രീകരിക്കുന്നത്.
കരുതിക്കൂട്ടി പറയുകയാണ്. ബോധ്യപ്പെടേണ്ട സമയമൊക്കെ കഴിഞ്ഞു. എന്നെ ഉത്തരവാദപ്പെട്ട സഖാക്കള്‍ വിളിക്കുന്നുണ്ടല്ലോ. -പി.വി. അന്‍വര്‍ പറഞ്ഞു.