എം.എം. ലോറന്‍സിന്റെ മൃതദേഹം പഠനത്തിനു നൽകുന്നത് താത്കാലികമായി തടഞ്ഞ് കോടതി
Tuesday, October 1, 2024 4:15 AM IST
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പഠനത്തിനു വിട്ടുകൊടുക്കാനുള്ള തീരുമാനം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി.
പഠനാവശ്യത്തിനു മൃതദേഹം വിട്ടുകൊടുക്കാന്‍ കളമശേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം ചോദ്യംചെയ്ത് മകള്‍ ആശ ലോറന്‍സ് നല്കിയ ഹര്‍ജിയിലാണു നടപടി. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ത്തന്നെ സൂക്ഷിക്കാന്‍ ജസ്റ്റീസ് വി.ജി. അരുണ്‍ ഉത്തരവിട്ടു.
ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ലോറന്‍സിന്റെ മൃതദേഹം ക്രൈസ്തവ മതാചാര പ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ആശ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മക്കളുടെ ഭാഗം കേട്ടശേഷം അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളജിനു തീരുമാനമെടുക്കാമെന്ന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് മെഡിക്കൽ കോളജ് പ്രിന്‍സിപ്പല്‍ ലോറന്‍സിന്റെ മൂന്നു മക്കളുമായി സംസാരിച്ച ശേഷം മൃതദേഹം പഠനാവശ്യത്തിന് വിട്ടുനല്‍കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഇതിനെതിരേയാണ് ആശ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
ലോറന്‍സ് ജീവിച്ചിരിക്കെ നല്‍കിയതായി പറയുന്ന സമ്മതം ആധികാരികമാണോയെന്നു സംശയിക്കുന്നതായി ആശ വാദിച്ചു. തന്റെ സഹോദരി സുജാത ഈ തീരുമാനത്തില്‍ നിന്നു പിന്നീട് പിന്മാറിയതാണെന്നും ആശ അവകാശപ്പെട്ടു. ഹിയറിംഗില്‍ അപാകതയുണ്ട്.
കോടതിയുടെ അനുമതിയില്ലാതെ സമിതിക്കു രൂപം കൊടുത്ത പ്രിന്‍സിപ്പലിന്റെ നടപടി തെറ്റാണ്. അനാട്ടമി നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി സമിതി ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. മക്കളെ ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ച ഉണ്ടായില്ലെന്നും ആശയുടെ അഭിഭാഷകന് വാദിച്ചു.
ഒരുവശം മാത്രം കേട്ടാണോ തീരുമാനമെടുത്തതെന്ന് കോടതി ആരാഞ്ഞു. തുടര്‍ന്നാണു ഹര്‍ജി വിശദ വാദത്തിനായി മാറ്റിയത്. മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ വീണ്ടും ഹിയറിംഗ് നടത്താനാകുമോയെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.