ചരക്കുവാഹന പണിമുടക്ക് നാലിന്; കേരളത്തിലും ശക്തമാകും
Tuesday, October 1, 2024 4:15 AM IST
തൃശൂർ: ചരക്കുവാഹനമേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, അതിർത്തികളിലെ ചെക്ക്പോസ്റ്റുകൾ എടുത്തുമാറ്റുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചരക്കുഗതാഗത വാഹനമേഖലയിലുള്ളവർ സമരത്തിലേക്ക്. പിന്തുണയുമായി ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോണ്‍ഗ്രസും.
നാലിനു കേരളത്തിലെ ചരക്കുഗതാഗതമേഖലയിലെ ട്രേഡ് യൂണിയനുകളും വാഹനഉടമാ സംഘടനകളും സംയുക്തമായി നടത്തുന്ന 24 മണിക്കൂർ സമരത്തിനു പൂർണപിന്തുണ അറിയിക്കുന്നതായി സംഘടനാ ചെയർമാൻ ഡോ. ജി.ആർ. ഷണ്‍മുഖപ്പ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനസർക്കാർ ചരക്കുവാഹനരംഗത്തെ ഇനിയും ഗൗരവമായി കാണുന്നില്ല. മേഖലയെ തകർക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. സംസ്ഥാനസർക്കാർ നിലപാടുകൾ തിരുത്തണമെന്നും സർക്കാരിനു വരുമാനം ഉണ്ടാക്കാൻ കഴിയുന്ന മേഖലയെ പുരോഗതിയിലേക്കു കൊണ്ടുവരാനുള്ള നയങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി ചെക്ക്പോസ്റ്റുകൾ നീക്കംചെയ്യുക, ഡ്രൈവർമാർക്കു റോഡ് സൈഡിൽ സൗകര്യങ്ങൾ ഒരുക്കുക, നഗരങ്ങൾക്കുപുറത്ത് ട്രക്ക് ടെർമിനലുകൾ സ്ഥാപിക്കുക, ഡ്രൈവർമാർക്കുള്ള സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പാക്കുക, റോഡ് നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അന്നേദിവസം ഒരു വാഹനവും കേരളത്തിലേക്കു വരാൻ അനുവദിക്കില്ലെന്നു ഭാരവാഹികൾ അറിയിച്ചു.
ജിപിഎസ് സ്പീഡ് ഗവേണൻസ് കൊള്ളയും കേരളത്തിലേക്കു വരുന്ന ചരക്കുവാഹനക്കൊള്ളയും അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിലേക്കു ചരക്കു കൊണ്ടുവരുന്നതു നിർത്തുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.
കെ.ടി. ഷെമീർ, കെ.ജെ. സ്റ്റാലിൻ, എ.ടി. ജോണ്സണ്, ഷെബീർ, ശശികുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.