കേരളത്തിന് കുറഞ്ഞ നിരക്കിൽ 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ചു
Tuesday, October 1, 2024 4:15 AM IST
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കേരളത്തിന് കുറഞ്ഞ നിരക്കിൽ 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ച് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ഊർജ മന്ത്രാലയം പുറത്തിറക്കി.
എൻടിപിസിയുടെ ബിഹാറിലെ ബാർഹ് ഒന്ന്, രണ്ട് നിലയങ്ങളിൽ നിന്നാണ് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കുക. ഇന്ന് മുതൽ 2025 മാർച്ച് 31 വരെയാണ് വൈദ്യുതി ലഭ്യമാവുക.
വേനൽക്കാലത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഈ തീരുമാനം കേരളത്തിന് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 300 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കണമെന്ന് കേരളം കേന്ദ്രത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.
പവർ എക്സ്ചേഞ്ചുകളിൽനിന്നു വാങ്ങുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലായിരിക്കും വൈദ്യുതി ലഭ്യമാവുക. വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെയുള്ള പീക്ക് സമയത്ത് യൂണിറ്റിന് അഞ്ച് രൂപയിൽ താഴെയുള്ള നിരക്കിലായിരിക്കും വൈദ്യുതി ലഭിക്കുക.
വൈദ്യുതി ആവശ്യകത കൂടിയ ഏപ്രിൽ, മേയ് മാസങ്ങളിലും ജൂണിലും ഇതേ രീതിയിൽ വൈദ്യുതി അനുവദിക്കണമെന്നും കെഎസ്ഇബി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഊർജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ഊർജവകുപ്പ് സെക്രട്ടറിയെ സന്ദർശിച്ച് കേരളം നേരിടുന്ന ഊർജ പ്രതിസന്ധി വിശദീകരിക്കുകയും കത്തുകൾ അയയ്ക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അനുകൂല നടപടിയുണ്ടായത്.
ഇതിനു പുറമേ അടുത്ത ആറു മാസത്തേക്ക് പ്രതിമാസം 200 മുതൽ 695 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.