ലോക വയോജനദിനം ഇന്ന് : നവതിയിലും ‘ഫിറ്റ്മാനാ’യി പ്രഫ. സി.പി. മാത്യു
Tuesday, October 1, 2024 4:15 AM IST
സെബി മാളിയേക്കൽ
തൃശൂർ: വയസ് വെറും സംഖ്യമാത്രമാണെന്ന ഡയലോഗ് നടൻ മമ്മൂട്ടിയെക്കുറിച്ച് പലപ്പോഴും പറയാറുണ്ട്. എന്നാൽ, തൊണ്ണൂറാംവയസിലും ‘ഫിറ്റ്മാനായി’നടക്കുന്ന, ഓടുന്ന, ചാടുന്ന, നീന്തുന്ന, ഡിസ്കസ് ത്രോവരെ ചെയ്യുന്ന ഒരു റിട്ട. കോളജ് പ്രഫസറുണ്ട് തൃശൂരിൽ. എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ റിട്ട. ബോട്ടണി പ്രഫസർ സി.പി. മാത്യു.
ആലപ്പുഴ മിത്രക്കരി ചൂരക്കുറ്റിൽ വീട്ടിൽ ഫിലിപ്പിന്റെയും (പാപ്പൂച്ചൻ) ഏല്യക്കുട്ടിയുടെയും ഒന്പതു മക്കളിൽ മൂത്തയാളാണ് മാത്യു.
സ്പോർട്സിലേക്ക്
റിട്ടയർചെയ്തതോടെയാണു മാത്യുമാഷിനു കായികവിനോദങ്ങളോടും മത്സരങ്ങളോടും കന്പം തോന്നുന്നത്. അങ്ങനെ മാസ്റ്റേഴ്സ് ക്ലബ്, വെറ്ററൻസ് ക്ലബ്, വാക്കേഴ്സ് ക്ലബ്, സ്വിമ്മേഴ്സ് ക്ലബ് എന്നിവയിൽ അംഗമായി. ജിം, യോഗ, നീന്തൽ... ജില്ലാതല മാസ്റ്റേഴ്സ് മത്സരത്തിൽ പങ്കെടുത്ത് സ്വർണം നേടിയതോടെ താത്പര്യമേറി. പിന്നെ സംസ്ഥാന-ദേശീയ മത്സരങ്ങളിൽ നിരവധിത്തവണ സ്വർണം. ഇതോടെ അന്തർദേശീയവേദികളിലെത്തി.
മലേഷ്യ, നേപ്പാൾ, കാനഡ എന്നിവിടങ്ങളിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റുകളിൽ 100 മീറ്റർ ഓട്ടം, ലോംഗ്ജംപ്, ഡിസ്കസ് ത്രോ എന്നിവയിൽ തുടർച്ചയായി സ്വർണം നേടി.
ഫിറ്റ്മാനായി പ്രധാനമന്ത്രിക്കൊപ്പം
പ്രധാനമന്ത്രിയുടെ ഫിറ്റ്മാൻ ഓഫ് ഇന്ത്യ പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെട്ട പ്രഫ. മാത്യു 2019 ഓഗസ്റ്റ് 29ന് നരേന്ദ്ര മോദിക്കൊപ്പം വേദിപങ്കിട്ടു. രാജ്യത്തെ 80 കഴിഞ്ഞ 60 പേരാണ് ഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽനിന്ന് ആകെ മൂന്നുപേർ.
ആരോഗ്യരഹസ്യം
ദിവസവും രാത്രി പത്തിനു കിടന്നുറങ്ങി അതിരാവിലെ നാലിന് എഴുന്നേൽക്കുന്ന മാത്യുമാഷ് തന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി. ‘"രാവിലെ എണീറ്റയുടൻ ഞാനൊരു ഹെൽത്ത്മിക്സ് ഉണ്ടാക്കി കുടിക്കും. ചെറുനാരങ്ങ ചെറുതായി അരിഞ്ഞ് മിക്സിയിൽ അടിച്ച് അരിച്ചെടുത്തശേഷം ചെറുതായി ചൂടാക്കും. അതിൽ ഒലിവ് ഓയിൽചേർത്തു കുടിക്കും. പിന്നെ പത്രംവായന, അഞ്ചുമണികഴിഞ്ഞാൽ ഇലക്ട്രിക് സ്കൂട്ടറെടുത്ത് തേക്കിൻകാട് മൈതാനിയിലേക്കോ കോർപറേഷൻ സ്റ്റേഡിയത്തിലേക്കോ പോകും. അവിടെ ഒരു മണിക്കൂർ നടത്തം. മഴയാണെങ്കിൽ രാവിലെ വീട്ടിൽ യോഗ, അല്ലെങ്കിൽ വൈകുന്നേരം. പിന്നെ വ്യായാമം. തിരികെ പ്രാതൽ കഴിക്കാൻ വീട്ടിലേക്ക്...വൈകുന്നേരം ക്ലബ്ബിൽ നീന്തൽ, ജിംനേഷ്യം.’’
ആദ്യഭാര്യ ഹൃദയാഘാതംമൂലം മരിച്ചപ്പോൾ ജീവിതസഖിയായെത്തിയ സിസിലിയും മക്കളായ റോജി, ഇഗ്നി മാത്യു(തൃശൂർ ബാനർജി ക്ലബ് പ്രസിഡന്റ്), ഡോ. റിജോ, ഡോ. അനുഎലിസബത്ത് എന്നിവരും ഡാഡിയുടെ ഇഷ്ടങ്ങൾക്കു പൂർണപിന്തുണയേകുന്നു.