ഇഎസ്എ: ആശങ്ക കൂട്ടി മൂന്നു മാപ്പ്
Tuesday, October 1, 2024 4:15 AM IST
കേളകം (കണ്ണൂർ): ഇഎസ്എയുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിദ്ധീകരിച്ച രണ്ടു മാപ്പുകളിൽ ആശയക്കുഴപ്പത്തിലായ ജനത്തെ കൂടുതൽ ദുരിതത്തിലാക്കി മൂന്നു മാപ്പ്.
രണ്ടു മാപ്പുകളിൽ ആശയക്കുഴപ്പമുണ്ടെന്ന പരാതി വ്യാപകമായതിനു പിന്നാലെയാണ് മൂന്നു മാപ്പുകൾ പുറത്തുവിട്ട് സർക്കാർ ജനത്തെ കൂടുതൽ കുഴപ്പത്തിലാക്കിയത്. ഒരു മാപ്പിൽ മൂന്നു കളറിലുള്ള വ്യത്യസ്ത ലൈനുകൾ നൽകിയത് കൂടുതൽ സംശയത്തിന് ഇടനൽകുന്നുവെന്നാണ് ആരോപണം.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കപ്പെട്ട ഇഎസ്എ ഏരിയയുടെ മാപ്പിൽ സർക്കാർ നൽകേണ്ടത് വ്യക്തതയുള്ള ഒരു മാപ്പ് മാത്രമാണ്.
ഇത് കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും കേന്ദ്രസർക്കാരിന് കൈമാറുകയും വേണം. എന്നാൽ, സർക്കാർ ആദ്യഘട്ടത്തിൽ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വില്ലേജുകളെ പൂർണമായും ഉൾപ്പെടുത്തി ഒരു മാപ്പും ഇഎസ്എ അതിർത്തി എന്ന പേരിൽ മറ്റൊരു മാപ്പും പ്രസിദ്ധീകരിച്ചു. ഇതിൽ ഏതാണ് അടിസ്ഥാനരേഖ എന്ന ജനങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി സർക്കാർ നൽകിയിട്ടില്ല. കൂടാതെ ഏതാണ് കേന്ദ്രത്തിലേക്ക് അയയ്ക്കുക എന്നതും വ്യക്തമാക്കിയിട്ടില്ല.
ഈ ആശയക്കുഴപ്പം നിലനിൽക്കുമ്പോഴാണ് പുതിയ മൂന്നു മാപ്പ് സർക്കാർ ഇതേ വെബ്സൈറ്റിൽ തന്നെ പ്രസിദ്ധീകരിച്ചത്. പഴയതിൽനിന്നു വ്യത്യസ്തമായി കളർ കോഡുകളിൽ മാറ്റം വരുത്തുകയും ഔട്ട്ലൈൻ കൂടുതൽ ദൃഢ മാക്കുകയും മാത്രമാണു ചെയ്തത്.
ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ച മാപ്പിൽതന്നെ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപമുണ്ട്. പഞ്ചായത്തുകൾ നൽകിയ മാപ്പുകളിലെ തിരുത്തലുകൾ ഉൾപ്പെടുത്താതെയാണ് സർക്കാർ മാപ്പുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
വ്യക്തത വരുത്തണം: കിഫ
സെപ്റ്റംബർ 28നാണ് കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ മൂന്നു മാപ്പുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒക്ടോബർ നാലിന് കേരള ഹൈക്കോടതിയിൽ കിഫയുടെ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിന് മുമ്പ് ബയോഡൈവേഴ്സിറ്റി ബോർഡ് വെബ്സൈറ്റിൽ മാപ്പുകൾ അപ്ലോഡ് ചെയ്യുക എന്നുള്ളത് അത്യന്താപേക്ഷിതവുമായിരുന്നു.
എന്നാൽ പ്രശ്നം പരിഹരിക്കുന്നതിന് പകരം കൂടുതൽ സങ്കീർണമാക്കുന്ന രീതിയിലാണ് രണ്ടിനു പകരം മൂന്നു മാപ്പുകൾ സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഈ വിഷയത്തിൽ അടിയന്തരമായി താഴെ പറയുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് കിഫ ആവശ്യപ്പെട്ടു.
►ഇപ്പോൾ പുറത്തുവിട്ട മൂന്നു മാപ്പുകളും തമ്മിലുള്ള വ്യത്യാസം എന്ത്?
►മാപ്പുകളിൽ കൊടുത്തിരിക്കുന്ന വ്യത്യസ്ത കളറിലുള്ള ലൈനുകളുടെ അർഥം എന്ത്?
►മേയിൽ പഞ്ചായത്തുകൾ നല്കിയ തിരുത്തലുകൾ ഉൾപ്പെടുത്തിയ മാപ്പാണോ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്? അതല്ലെങ്കിൽ പഞ്ചായത്തുകൾ നൽകിയ തിരുത്തലുകൾ ഉൾപ്പെടുത്തിയ മാപ്പ് എപ്പോൾ പുറത്തുവിടും?
►ഇപ്പോൾ പുറത്തുവിട്ട മൂന്നു മാപ്പുകളിൽ ഏതു മാപ്പാണ് അന്തിമമായി കേന്ദ്രത്തിന് അയയ്ക്കാൻ പോകുന്നത്?