പമ്പാവാലിയും ഏഞ്ചല്വാലിയും വനമാക്കിമാറ്റാന്‍ ആസൂത്രിതനീക്കം
Tuesday, October 1, 2024 4:15 AM IST
റെജി ജോസഫ്
കോട്ടയം: എരുമേലി പഞ്ചായത്തിലെ പമ്പാവാലി, ഏഞ്ചല്‍വാലി വാര്‍ഡുകളെ പെരിയാര്‍ കടുവാ സങ്കേത പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന സസ്ഥാന നിര്‍ദേശം കേന്ദ്രത്തെ ബോധിപ്പിച്ചതില്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡിന് ഗുരുതര വീഴ്ച.
പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന് പരിവേഷ് പോര്‍ട്ടലില്‍ അയച്ച നിലപാടിലെ അവ്യക്തതയാണ് പ്രശ്നമായിരിക്കുന്നത്. ഏഞ്ചല്‍വാലിയെയും പമ്പാവാലിയേയും കടുവാസങ്കേത പരിധിയില്‍നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെടാതെ നടപടികള്‍ ആരംഭിച്ചിരിക്കുന്നു എന്നാണ് ധരിപ്പിച്ചിരിക്കുന്നത്.
വന്യജീവി സങ്കേതങ്ങളുടെ പരിധിയില്‍നിന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലങ്ങള്‍ ഒഴിവാക്കുന്നതില്‍ ഈ മാസം ഒന്‍പതിന് കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗീകാരം നല്‍കാനിരിക്കെയാണ് ഏഞ്ചല്‍വാലി, പമ്പാവാലി പ്രദേശങ്ങളെ വനപരിധിയിലാക്കാനുള്ള കുത്സിതനീക്കം. 502 ഹെക്ടറുകളിലായി 1200 കുടുംബങ്ങളാണ് മൂന്നു തലമുറയായി പമ്പാവാലിയില്‍ താമസിച്ചുവരുന്നത്.
75 വര്‍ഷം മുമ്പ് ഗ്രോ മോര് ഫുഡ് പദ്ധതിയില്‍ കൃഷി നടത്താന്‍ പമ്പാവാലിയില്‍ സര്‍ക്കാര്‍ കുടിയിരുത്തിയ കര്‍ഷകരാണ് സംസ്ഥാന വനം വകുപ്പിന്റെ കെടുകാര്യസ്ഥതയുടെയും കൊടുംചതിയുടെയും ഇരയായിരിക്കുന്നത്.
2013 ഡിസംബറില്‍ വനം വകുപ്പ് പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് നടത്തിയ ഉപഗ്രഹ സര്‍വേയില്‍ ഈ വാര്‍ഡുകള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായുള്ള വനഭൂമിയില്‍ പെടുത്തി മാപ്പ് പുറത്തുവിട്ടിരുന്നു.
പ്രദേശം ബഫര്‍ സോണില്പ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരേയും പ്രക്ഷോഭങ്ങള്‍ നടത്തേണ്ടിവന്നു. കാലങ്ങള്‍ നീണ്ട മുറവിളികള്‍ക്കൊടുവിലാണ് അടുത്തിയിടെ പട്ടയം ലഭിച്ചതും. പട്ടയം ലഭിച്ചശേഷവും കൃഷിയിടങ്ങള്‍ വനഭൂമിയാണെന്നാണ് വനംവകുപ്പ് നിലപാട്.
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ മന്ത്രി എ.കെ. ശശീന്ദ്രനെ സന്ദര്‍ശിച്ചപ്പോള്‍ ഉപഗ്രഹ സര്‍വേയിലെ പിഴവ് തിരുത്താമെന്ന് ഉറപ്പുലഭിച്ചിരുന്നു. ഇതിനായി ഹെല്പ് ഡെസ്ക് ആരംഭിച്ചപ്പോള്‍ ആയിരത്തോളം കുടുംബങ്ങള്‍ അപ്പീല്‍ നല്‍കിയിരുന്നു.
ഇതിനിടെ വനം വകുപ്പ് രണ്ടു തവണ പിഴവുകള്‍ തിരുത്തി എന്ന് അവകാശപ്പെട്ട് വീണ്ടും കരട് സര്‍വേ റിപ്പോര്‍ട്ടുകള പുറത്തിറക്കിയെങ്കിലും രണ്ടിലും ഈ വാര്‍ഡുകള്‍ വനം എന്നുതന്നെയാണ് അടയാളപ്പെടുത്തിയത്. ഇതോടെ ഹെല്പ് ഡെസ്കും പിന്നീട് ജിയോ ടാഗിംഗ് നടപടികളും മുടങ്ങി.
ഇന്‍ഫാമും കിഫയും ഉള്‍പ്പെടെ സംഘടനകളുടെയും രാഷ്്ട്രീയകക്ഷികളുടെയും പ്രതിഷേധത്തിനൊടുവില്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡില്‍ അജന്‍ഡയായി ഉള്‍പ്പെടുത്തി ഏഞ്ചല്വാലിയും പമ്പാവാലിയും വനഭൂമിയില്‍ നിന്ന് ഒഴിവാക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമതി തീരുമാനിച്ചിരുന്നു.
ഈ നിര്‍ദേശം അവഗണിച്ച് പരിവേഷ് പോര്‍ട്ടലില്‍ സംസ്ഥാന നിര്‍ദേശം കേന്ദ്രത്തെ അറിയിക്കുന്നതില്‍ കാലതാമസം വരുത്തി. സമ്മര്‍ദമേറിയപ്പോള്‍ സമര്‍പ്പിച്ചതാകട്ടെ അവ്യക്തമായ നിലപാടും.
കൃത്യവും വ്യക്തവുമായ തീരുമാനം അടിയന്തരമായി നല്കാന് കേന്ദ്ര വന്യജീവി ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ സംസ്ഥാന വന്യജീവി ബോര്‍ഡ് അനാസ്ഥ തുടര്‍ന്നാല്‍ പമ്പാവാലിയും ഏഞ്ചല്വാലിയും വനമായി പ്രഖ്യാപിക്കപ്പെടാം.