നെഹ്റു ട്രോഫി വള്ളംകളി: നടുഭാഗം വള്ളം സമതി പരാതി നൽകി
Tuesday, October 1, 2024 4:15 AM IST
കുമരകം: നെഹ്റു ട്രോഫി വള്ളംകളിയുടെ സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും സ്റ്റാര്‍ട്ടറുടെ തീരുമാനത്തിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കുമരകം ടൗണ്‍ ബോട്ട് ക്ലബ് കഴിഞ്ഞ ദിവസം പരാതി നല്‍കിയതിനു പിന്നാലെ ഇന്നലെ നടുഭാഗം വള്ളസമിതിയും ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിനു പരാതി നല്കി.
ഫൈനല്‍ മത്സരത്തില്‍ നടുഭാഗം വള്ളം തുഴഞ്ഞ ഒന്നാം ട്രാക്കില്‍ സ്റ്റാര്‍ട്ടിംഗിനായി വള്ളം പിടിച്ചപ്പോള്‍ മോട്ടര്‍ ബോട്ട് ട്രാക്കില്‍ ഉണ്ടെന്നും തങ്ങള്‍ വള്ളം തുഴയാന്‍ തയ്യാറല്ലെന്നും സ്റ്റാര്ട്ടറെ അറിയിച്ചു. പ്രതിഷേധ സൂചകമായി താരങ്ങള്‍ തുഴ ഉയര്ത്തിപിടിച്ചപ്പോഴാണ് സ്റ്റാര്‍ട്ടര്‍ സ്റ്റാര്‍ട്ടിംഗ് സിഗ്നല്‍ നല്‍കിയതെന്നാണ് കെടിബിസിയുടെ ആരോപണം.
ഒരേ സമയം വള്ളങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സ്റ്റാര്‍ട്ടിംഗ് സംവിധാനം അണ്‍ലോക്ക് ആകാനും സാ ങ്കേതിക തടസം ഉണ്ടായതായും ബോട്ട് ക്ലബ് നല്കിയ പരാതിയില്‍ പറയുന്നു.
മൈക്രോ സെക്കന്‍ഡുകള്‍ക്ക് വിജയം നിശ്ചയിച്ച മത്സരത്തില്‍ സ്റ്റാര്‍ട്ടിംഗ് സംവിധാനം വഴി സെക്കന്‍ഡുകള്‍ വൈകി തുഴയെറിഞ്ഞതിനാല് തങ്ങള്‍ക്കര്‍ഹതപ്പെട്ട വിജയം നഷ്ടപ്പെട്ടു എന്നാണ് തുഴച്ചില്‍ താരങ്ങളുടെയും ക്ലബ് ഭാരവാഹികളുടെയും ക്യാപ്റ്റന്റെയും പരാതി.
മാസങ്ങളോളം പരിശീലനം നടത്തി ലക്ഷങ്ങള്‍ മുടക്കി മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഇത്തരം പിഴവുകള്‍മൂലം ട്രോഫി നഷ്ടപ്പെടുന്നത് കടുത്ത അനീതിയാണെന്ന് ക്ലബ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.