ദേശീയ പാതയിലെ സ്വർണക്കവർച്ച: അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് പോലീസ്
Tuesday, October 1, 2024 4:15 AM IST
തിരുവല്ല: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കല്ലിടുക്കില്‍ കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടരക്കിലോ സ്വര്‍ണം തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ തിരുവല്ല സ്വദേശി റോഷൻ വർഗീസ് ഒട്ടനവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ്.
തിരുവല്ല തുകലശേരി ചിറപ്പാട്ട് വീട്ടിൽ റോഷൻ വർഗീസി (29)ന് എതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളിലായി 21 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പറയുന്നു.
ഇയാളുടെ കൂട്ടാളിയും കേസിലെ രണ്ടാം പ്രതിയുമായ തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ വീട്ടിൽ ഷിജോ വർഗീസ് (23) നെതിരേയും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇരുവരെയും കഴിഞ്ഞദിവസം തിരുവല്ലയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
സ്വര്‍ണം തട്ടിയെടുത്ത കേസിൽ തൃശൂര്‍ സ്വദേശികളായ പള്ളിനട ഊളക്കല്‍ വീട്ടില്‍ സിദ്ദിഖ് (26), കൊളത്തൂര്‍ തൈവളപ്പില്‍ വീട്ടില്‍ നിഷാന്ത് (24), മൂന്നുപീടിക അടിപ്പറമ്പില്‍ വീട്ടില്‍ നിഖില്‍നാഥ് (36) എന്നിവരെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് കുതിരാനില്നിന്നു പിടികൂടിയിരുന്നു.
ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ലയില്‍നിന്നും ഷിജോ വര്‍ഗീസിനെയും, റോഷന് വര്‍ഗീസിനെയും കണ്ടെത്തിയത്.
2023ല്‍ കാപ്പ കേസ് ചുമത്തി റോഷനെ ജയിലിലടച്ചതാണ്. ആറുമാസത്തിനു ശേഷം പുറത്തിറങ്ങി. ഇതിന് ശേഷവും കവർച്ച ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടു. ക്വട്ടേഷൻ, കഞ്ചാവ് വില്പന, തട്ടിക്കൊണ്ടുപോകൽ, വീടുകയറി ആക്രമണം തുടങ്ങിയ നിരവധി കേസുകളിൽ റോഷൻ പ്രതിയായിട്ടുണ്ട്.
ഇയാളുടെ കൂട്ടാളിയും രണ്ടാം പ്രതിയുമായ ഷിജോ വർഗീസിന് എതിരേയും സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. ഇൻസ്റ്റഗ്രാമിലെ താരമായ റോഷന് വര്‍ഗീസിന് അരലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്. ഇതില്‍ പങ്കുവച്ച ചിത്രങ്ങളിലുളള ചിലര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.