കൃഷി അസിസ്റ്റന്റുമാരുടെ പൊതു സ്ഥലംമാറ്റത്തിന് പുതിയ ഉത്തരവായി
Tuesday, October 1, 2024 2:09 AM IST
കണ്ണൂർ: സംസ്ഥാന കൃഷി വകുപ്പിൽ 2021ലെ ഉത്തരവ് പ്രകാരം കൃഷി അസിസ്റ്റന്റുമാരുടെയും അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടെയും പൊതു സ്ഥലംമാറ്റങ്ങളിലുണ്ടായ അപാകതകൾ പരിഹരിച്ച് പുതിയ ഉത്തരവിറങ്ങി.
ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിച്ച് പൊതു സ്ഥലംമാറ്റ നടപടികളോടെയാണു പുതിയ ഉത്തരവിറങ്ങിയത്. ഒരു വിഭാഗം ജീവനക്കാരും അഗ്രികൾച്ചറൽ അസിസ്റ്റന്റ്സ് അസോസിയേഷനും കോടതിയെ സമീപിച്ചതിനെത്തുടർന്നാണു പുതിയ ഉത്തരവ്.
2021ലെ ഉത്തരവ് പ്രകാരമുള്ള സ്ഥലംമാറ്റങ്ങളിൽ ജീവനക്കാർക്ക് ഏറെ വിഷമത അനുഭവിക്കേണ്ടി വന്നിരുന്നു. അനേകം ജീവനക്കാരെ അനാവശ്യമായി ജില്ലയ്ക്കു പുറത്തുള്ള ഓഫീസുകളിൽ അങ്ങോട്ടുമിങ്ങോട്ടും ട്രാൻസ്ഫർ നടത്തുകയുണ്ടായി. ഇതേത്തുടർന്ന് പിന്നാക്ക മേഖലയായ ഇടുക്കി, കാസർഗോഡ്, വയനാട് ജില്ലകളിലെ പല ഓഫീസുകളിലും ജീവനക്കാരില്ലാത്ത അവസ്ഥയായിരുന്നു.
കൃഷിവകുപ്പിൽ സംസ്ഥാനതലത്തിൽ നിയമിക്കപ്പെടുന്ന മറ്റെല്ലാ ഉദ്യോഗസ്ഥർക്കും 2017ലെ ഉത്തരവനുസരിച്ച് പൊതു സ്ഥലംമാറ്റം നടത്തുമ്പോൾ കൃഷി അസിസ്റ്റന്റുമാർക്ക് മാത്രമായി പ്രത്യേകം പുറപ്പെടുവിച്ചതാണു പ്രതിഷേധത്തിനിടയാക്കിയത്.
സാധാരണ സംസ്ഥാനതലത്തിൽ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ ട്രാൻസ്ഫർ വകുപ്പ് മേധാവിയും ജില്ലാതലത്തിൽ നിയമിക്കപ്പെടുന്നവരുടേതു ജില്ലാ ഓഫീസറുമാണു നടത്തേണ്ടത്. എന്നാൽ 2017 ഉത്തരവിലെ മാനദണ്ഡങ്ങൾ പാലിക്കാതെയായിയിരുന്നു കൃഷി അസിസ്റ്റന്റുമാരെ സ്ഥലംമാറ്റിയിരുന്നത്.
2021ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം പരിഷ്കരിച്ച മാനദണ്ഡം നടപ്പാക്കുന്നതിനായി രണ്ടുഘട്ടമായാണു സ്ഥലംമാറ്റങ്ങൾ നടത്തിവന്നത്. ഇതു ജീവനക്കാർക്ക് അർഹതപ്പെട്ടയിടങ്ങളിലേക്കു ട്രാൻസ്ഫർ ലഭിക്കുന്നതിനു തിരിച്ചടിയായി.
പരിഷ്കരിച്ച മാനദണ്ഡം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു ജില്ലയിൽ മൂന്നു വർഷം പൂർത്തിയാക്കിയവരെ പരസ്പരം സ്ഥലം മാറ്റി പീഡിപ്പിക്കുന്നതായും പരാതി ഉയർന്നിരുന്നു.