വാര്‍ത്തകള്‍ തടഞ്ഞുകൊണ്ടുള്ള ജാമ്യവ്യവസ്ഥ റദ്ദാക്കി
Tuesday, October 1, 2024 2:09 AM IST
കൊച്ചി: ബിലീവേഴ്സ് സഭാധ്യക്ഷനായിരുന്ന ഡോ. കെ.പി. യോഹന്നാന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും തടഞ്ഞുകൊണ്ടുള്ള ജാമ്യവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.
തെറ്റായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തുവെന്ന കേസില്‍ പ്രതിയായ ഓണ്‍ലൈന്‍ മാധ്യമ റിപ്പോര്‍ട്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഒഴിവാക്കിയത്. അനിവാര്യമായ സാഹചര്യവും ന്യായമായ കാരണവുമില്ലാതെ മാധ്യമങ്ങളടക്കമുള്ളവയുടെ വായ് മൂടിക്കെട്ടുന്ന ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
കെ.പി. യോഹന്നാന് അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹര്ജിക്കാരന് സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ക്കെതിരേ നല്കിയ പരാതിയിലാണ് ഹര്‍ജിക്കാരന്റെ സ്ഥാപനത്തെ ഒന്നും ഹര്‍ജിക്കാരനെ രണ്ടും മാര്‍ക്കറ്റിംഗ് ജീവനക്കാരനെ മൂന്നും പ്രതികളാക്കി കേസെടുത്തത്. തുടര്‍ന്ന് വാര്‍ത്ത നല്‍കുന്നത് നിയന്ത്രിക്കുന്ന വ്യവസ്ഥയോടെ തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഡിജിപിക്ക് ഹര്ജിക്കാരന് നല്കിയ പരാതിയില്‍ അന്തിമ തീരുമാനമുണ്ടാകും വരെ യോഹന്നാന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യരുതെന്നായിരുന്നു വ്യവസ്ഥ. കലാപത്തിന് പ്രകോപനമുണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയടക്കം കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്.
മാധ്യമസ്വാതന്ത്ര്യം തടസപ്പെടുന്നിടത്ത് ജനാധിപത്യം ഇല്ലാതാകുമെന്ന സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിയന്ത്രണങ്ങളിലൂടെ തടയുന്നത് അഭിപ്രായ സ്വാതന്ത്ര്യമടക്കം ജനാധിപത്യാവകാശങ്ങളെയാണ്.
ജാമ്യ ഉപാധികള്‍ വയ്ക്കുമ്പോള്‍ കോടതിക്ക് ഉചിതമായ വ്യവസ്ഥകൾ വയ്ക്കാമെങ്കിലും അതു സ്വേച്ഛാപരമാകരുത്. ഏതെങ്കിലും സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയെന്നത് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശമാണ്. പലപ്പോഴും ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ അന്വേഷണത്തിലേക്കും വിവാദമായ വെളിപ്പെടുത്തലുകളിലേക്കും നയിച്ചിട്ടുണ്ട്.
അഭിപ്രായപ്രകടനം ക്രിമിനല്‍ സ്വഭാവത്തിലുള്ളതാണെങ്കില്‍ അതിനനുസൃതമായ നടപടിയാകാം. എന്നാല്‍, ഇത്തരമൊരു സാധ്യതയുടെ പേരില്‍ ജാമ്യവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തി അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകില്ലെന്നു വിവിധ സുപ്രീംകോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്തമാക്കി.