കൊച്ചി വിമാനത്താവളത്തിൽ കുരങ്ങന്റെ കുരുത്തക്കേടുകൾ
Tuesday, October 1, 2024 2:09 AM IST
നെടുമ്പാശേരി : വിമാനത്താവളത്തിലെത്തിയ കുരങ്ങൻ അധികൃതരെ വട്ടം കറക്കി. ഇന്നലെ ഉച്ചയോടെ രണ്ടാം ടെർമിനലിനടുത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുകളിലാണ് കുരങ്ങൻ കയറിയത്. സിയാൽ ജീവനക്കാർ കുരങ്ങനെ പിടിക്കാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ജീവനക്കാരെത്തി കുരങ്ങനെ പിടിക്കാനുള്ള ശ്രമം രാത്രിയിലും തുടർന്നു. ഉച്ചയ്ക്ക് 12ഓടെ നെടുമ്പാശേരി പോലീസ് സ്റ്റേഷനു സമീപത്താണ് കുരങ്ങൻ ആദ്യം എത്തിയത്. അവിടെനിന്നു വിമാനത്താവളത്തിനുള്ളിലേക്ക് ചാടിക്കയറുകയായിരുന്നു.
ഒന്നാം ഗേറ്റിലെ പാലമരത്തിനു മുകളിൽ കയറിയ കുരങ്ങൻ പിന്നീട് റൺവേ പരിസരത്തേക്കും ചാടിയെത്തിതോടെ സുരക്ഷാ പ്രശ്നമായി മാറി. മലയാറ്റൂർ വനമേഖലയിൽനിന്നു വന്നതാകാമെന്നാണ് കരുതുന്നത്.