കാര്‍ഷികയന്ത്രം അറ്റകുറ്റപ്പണിക്ക് ഇളവുകളോടെ ക്യാമ്പുകള്‍
Tuesday, October 1, 2024 2:08 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: കൃഷിവകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ജില്ലാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ (കൃഷി) മേല്‍നോട്ടത്തിലാണ് ക്യാമ്പുകള്‍.
ബുക്ക് ചെയ്ത് കര്‍ഷകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും ഉപകരണങ്ങളുമായി പങ്കെടുക്കാം. ട്രാക്ടര്‍ പോലുള്ള വലിയ യന്ത്രങ്ങള്‍ പദ്ധതിയുടെ പരിധിയിലില്ല.
ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആയിരം രൂപ വില വരുന്ന സ്പെയര്‍പാട്സുകള്‍ ഉപയോഗിച്ചുള്ള സര്‍വീസ് സൗജന്യമായിരിക്കും. ഓരോ ജില്ലയിലേക്കും ഒരു ക്യാമ്പിലേക്ക് 15,000 രൂപ വീതം മൂന്നു ലക്ഷം രൂപയും സ്പെയര്‍പാട്സ്, ലേബര്‍ ചാര്‍ജ് എന്നിവയ്ക്കു 25 ശതമാനം സബ്സിഡിയും അനുവദിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലും രണ്ടു ഘട്ടങ്ങളിലായി 20 ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. കൃഷി എന്‍ജിനിയറിംഗ് മെക്കാനിക്കുകള്‍ക്കു പുറമെ യന്ത്രോപകരണ നിര്‍മാതാക്കളുടെ മെക്കാനിക്കുകളും പങ്കെടുക്കും. ഇതില്‍ കൃഷി എന്‍ജിനിയറിംഗ് ഓഫീസുകളിലെ മെക്കാനിക്കുക ളുടെ സേവനം സൗജന്യമായിരിക്കും.
തകരാര്‍ കൃഷി എന്‍ജിനിയറിംഗ് ഓഫീസുകളിലെ മെക്കാനിക്കുകള്‍ക്കു പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ യന്ത്രോപകരണ കമ്പനി മെക്കാനിക്കുകളുടെ സേവനം തേടുകയുള്ളൂ. കമ്പനി മെക്കാനിക്കുകള്‍ക്കു മാത്രം പണം നല്കിയാല് മതിയാകും. ഈ തുകയുടെ 25 ശതമാനം സബ്സിഡിയായി ലഭിക്കും.
ഈ പദ്ധതിയിലേക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ (കൃഷി) ഓഫീസില്‍ അപേക്ഷ ക്ഷണിച്ചു തുടങ്ങി. അപേക്ഷ ലഭിക്കുന്ന സ്ഥലം, കാര്‍ഷിക ഉപകരണം, നിര്‍മിച്ച കമ്പനി, എണ്ണം എന്നിവ രേഖപ്പെടുത്തിയാല്‍ ക്യാമ്പ് തീയതിയും സമയവും കര്‍ഷകരെയും സംഘങ്ങളെയും അറിയിക്കും.
കൂടുതല്‍ അപേക്ഷ എവിടെ ലഭിക്കുന്നോ അവിടം കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പുകള്‍ നടത്തുക. ആദ്യ ക്യാമ്പ് ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം നടത്തിയത് കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടു. ഈ മാസം തന്നെ മറ്റു ജില്ലകളിലും ആദ്യ ക്യാമ്പ് നടക്കും.