സായംപ്രഭ പദ്ധതിയിൽ 45 ഡേ കെയർ സെന്ററുകൾ കൂടി
Tuesday, October 1, 2024 2:08 AM IST
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതിയായ സായംപ്രഭ പദ്ധതിയിൽ 45 ഡേ കെയർ സെന്ററുകൾകൂടി തുടങ്ങുമെന്ന് സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു.
നിലവിൽ 71 സായംപ്രഭ ഡേ കെയർ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷത്തോടെ ഇത് 116 ആക്കി ഉയർത്തുമെന്ന് ലോക വയോജനദിനത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
2011ലെ കാനേഷുമാരി പ്രകാരം, അറുപതു വയസിനു മുകളിലുള്ള 10.40 കോടി വയോജനങ്ങൾ രാജ്യത്തുണ്ട്. അതായത്, ജനസംഖ്യയുടെ 8.6 ശതമാനം പേർ. ജനസംഖ്യാ വളർച്ചാനിരക്ക് സൂചികയായെടുത്താൽ ഇത് 11.10 ശതമാനമെന്നത്തിലേക്ക് കുതിക്കുന്നതായി കാണാം.
2046 ആകുന്നതോടെ രാജ്യത്തെ പ്രായമായവരുടെ എണ്ണം പതിനഞ്ചിൽ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തെ മറികടക്കാൻ സാധ്യതയുണ്ടെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ വളർച്ചാനിരക്ക് കൂടുതലുള്ള കേരളത്തിൽ 2026 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗികളും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ‘ഓർമത്തോണി’ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനേയും ഉൾപ്പെടുത്തി മെമ്മറി ക്ലിനിക്കുകൾ സ്ഥാപിക്കൽ ഈ പദ്ധതിയുടെ മുഖ്യലക്ഷ്യമാണ്.
മുതിർന്ന പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്ന പദ്ധതിയാണ് വയോരക്ഷ. അടിയന്തര പ്രഥമ ശുശ്രൂഷ, ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമുള്ള അടിയന്തര സഹായം, ആംബുലൻസ് സേവനം, പുനരധിവാസം, പരിചരണ ദാതാക്കളുടെ സഹായം എന്നിവ ഇതുവഴി എത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.