കാലവർഷം അവസാനിച്ചു; 13 ശതമാനം മഴക്കുറവ്
Tuesday, October 1, 2024 2:08 AM IST
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷക്കാലം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 13 ശതമാനം മഴക്കുറവ്. ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷക്കാലത്ത് 201.86 സെന്റിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ ഇന്നലെ വരെ പെയ്തത് 174.81 സെന്റിമീറ്റർ മാത്രമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞവർഷം കാലവർഷ മഴയിൽ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കുറി കാലവർഷത്തിൽ മികച്ച തോതിലുള്ള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. മിക്ക ജില്ലകളിലും ശരാശരിക്ക് അടുത്ത മഴ ലഭിച്ചു. ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലാണ് ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത്.
ഇടുക്കിയിൽ 33 ശതമാനവും വയനാട്ടിൽ 30 ശതമാനവും എറണാകുളത്ത് 27 ശതമാനവുമാണ് മഴക്കുറവ്. തിരുവനന്തപുരത്തും കണ്ണൂരിലും മാത്രമാണ് ഇക്കുറി അധിക മഴ രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ ഇന്നലെവരെ 15 ശതമാനവും തിരുവനന്തപുരത്ത് മൂന്ന് ശതമാനവും അധിക മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ഇക്കുറി ആറ് ദിവസം വൈകി കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിച്ചു. പശ്ചിമ രാജസ്ഥാൻ, കച്ച് മേഖലയിൽനിന്ന് കഴിഞ്ഞ 23ഓടെ കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം 25നായിരുന്നു കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിച്ചത്.