സംസ്ഥാന സഹകരണ കാർഷിക ബാങ്ക് ഭരണസമിതി സർക്കാർ പിരിച്ചുവിട്ടു
Tuesday, October 1, 2024 2:08 AM IST
തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിലുള്ള കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടു. അഡ്വ. സി.കെ. ഷാജിമോഹൻ പ്രസിഡന്റായ ഭരണസമിതിയെയാണ് പിരിച്ചുവിട്ടത്. തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ ഉത്തരവിട്ടു.
കഴിഞ്ഞദിവസം വിളിച്ചുചേർത്ത ബാങ്ക് പൊതുയോഗം അലങ്കോലപ്പെട്ടിരുന്നു. അന്ന് കമ്മിറ്റി അലങ്കോലപ്പെടുത്തിയവരെ ഉൾപ്പെടുത്തിയാണ് പുതിയ അഡ്മിനിസ്ടേറ്റീവ് കമ്മിറ്റി രൂപവത്കരിച്ചതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
അറിയിപ്പുകൾ ഒന്നും നല്കായതെയാണ് നിലവിലുള്ള ഭരണസമിതിയെ പുറത്താക്കിയതെന്നും വിമർശനം ഉയർന്നു. നിലവിലുള്ള ഭരണസമിതിയെ മറികടന്ന് പുതിയ ക്രമീകരണം വന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് ബാങ്ക് പ്രസിഡന്റ് ഷാജി മോഹൻ പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിൽ പതിറ്റാണ്ടുകളോളം ഉണ്ടായിരുന്ന ബാങ്ക് രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് ആദ്യം അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. തുടർന്ന് കോടതിയെ സമീപിച്ചാണ് യുഡിഎഫ് ഭരണസമിതി അധികാരത്തിൽ തിരിച്ചെത്തിയത്. തുടർന്നാണ് ഇപ്പോൾ വീണ്ടും ഭരണസമിതി പിരിച്ചുവിട്ടത്.