കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ യാത്രികൻ മരിച്ചു
Saturday, June 29, 2024 1:34 AM IST
നിലമ്പൂർ: എടവണ്ണയിൽ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അരീക്കോട് സ്വദേശി പൂവഞ്ചീരി അബ്ദുൾ ഹമീദ് (62) ആണു മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. അരീക്കോടുനിന്ന് എടവണ്ണയിലേക്കുള്ള യാത്രാമധ്യേ പാലപ്പെറ്റയിൽ എത്തിയപ്പോഴാണു കാട്ടുപന്നി കുറുകെ ചാടിയത്.
ഇതോടെ റോഡിലേക്കു തെറിച്ചുവീണ അബ്ദുൾ ഹമീദിനെ, അതുവഴി വന്ന മേലാറ്റൂർ പോലീസ് നാട്ടുകാരുടെ സഹായത്തോടെ ആദ്യം എടവണ്ണയിലെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് അരീക്കോട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്കു നല്കും.