നാലുവര്‍ഷ ബിരുദ ക്ലാസുകള്‍ ജൂലൈ ഒന്നിനു തുടക്കം
Saturday, June 29, 2024 1:34 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ജൂലൈ ഒന്നിന് തുടക്കമാകും. ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവ’മായി സംസ്ഥാനത്തെ കാമ്പസുകളെല്ലാം ആഘോഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു.
കാമ്പസുകളില്‍ നവാഗത വിദ്യാര്‍ഥികളെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തില്‍ സ്വീകരിക്കും. പുതിയ വിദ്യാര്‍ഥികള്‍ക്കായി നാലുവര്‍ഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷന്‍ ക്ലാസും ഉണ്ടാകും.
നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ ആരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കും.
സംസ്ഥാനതല വിജ്ഞാനോത്സവത്തില്‍ ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ. രാജന് ഗുരുക്കള്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റായ്, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ. സുധീര്‍ എന്നിവര്‍ സംബന്ധിക്കും.