മനു തോമസിനെതിരേ മാനനഷ്ടക്കേസുമായി പി. ജയരാജന്റെ മകൻ
Saturday, June 29, 2024 1:34 AM IST
തലശേരി: മനു തോമസിനെതിരേ നിയമനടപടികളുമായി പി. ജയരാജന്റെ മകൻ ജയിൻ രാജ്. സമൂഹമാധ്യമത്തിലൂടെയും വാർത്താ ചാനലുകളിലൂടെയും തനിക്കും അച്ഛനും എതിരേ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയെന്നു കാണിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണു കേസ് ഫയൽ ചെയ്യുന്നത്. ആദ്യനടപടിയെന്ന നിലയിൽ തലശേരിയിലെ അഭിഭാഷകൻ വിശ്വൻ മുഖേന വക്കീൽ നോട്ടീസയച്ചു.
മനു തോമസിനെ കൂടാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ, റിപ്പോർട്ടർ അനുപ് ബാലചന്ദ്രൻ എന്നിവർക്കെതിരേയും നിയമനടപടി സ്വീകരിക്കും. ഫേസ്ബുക്കിലൂടെ ജയിൻ രാജ് തന്നെയാണ് ഇക്കാര്യമറിയിച്ചത്.
ജില്ലയിലെ ക്വാറി മാഫിയകൾക്കു വേണ്ടി അതതിടങ്ങളിൽ ഏരിയാ സെക്രട്ടറിമാരെ സൃഷ്ടിച്ച വ്യക്തിയാണ് പി. ജയരാജനെന്നും സ്വർണക്കടത്ത് ക്വട്ടേഷൻ ടീമിന്റെ കോ-ഓർഡിനേറ്റർ ജയരാജന്റെ മകനാണെന്നുമായിരുന്നു മനു തോമസിന്റെ ആരോപണം. കൂടാതെ പി. ജയരാജനുവേണ്ടി റെഡ് ആർമിയെന്ന നവമാധ്യമ കൂട്ടായ്മയെ നിയന്ത്രിക്കുന്നത് ജയിൻ രാജാണെന്നും ആരോപിച്ചിരുന്നു.
റെഡ് ആർമിയുമായി തനിക്കു ബന്ധമില്ലെന്നും അച്ഛനോടുള്ള വൈരാഗ്യം തീർക്കാൻ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് മനു തോമസ് പറഞ്ഞതെന്നും ജയിൻ രാജ് പറഞ്ഞു.