പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും സിവില്‍ കേസുകളില്‍ അന്വേഷണം നടത്താം: ഇഡി
Saturday, June 29, 2024 1:34 AM IST
കൊച്ചി: പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സിവില്‍ സ്വഭാവമുള്ള കേസുകളില്‍ ഇഡിക്ക് അന്വേഷണം നടത്താന്‍ തടസമില്ലെന്ന് ഹൈക്കോടതിയില്‍ വിശദീകരണം.
ഇഡി അന്വേഷണത്തിനെതിരേ സിഎംആര്‍എല്‍ എംഡിയും ഉദ്യോഗസ്ഥരും നല്കിയ ഹര്‍ജിയിലാണ് ഇഡിയുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്കടക്കം ഇല്ലാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ഇഡി അന്വേഷണം ചോദ്യം ചെയ്താണു ഹര്‍ജി നല്‍കിയിരിക്കുന്നത്.
എക്സാലോജിക് അടക്കമുള്ള സ്ഥാപനവുമായി നടന്നത് വ്യാജമായ പണമിടപാടായിരുന്നെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡ്വ. സുഹൈബ് ഹുസൈന് ചൂണ്ടിക്കാട്ടി. ഇടപാടില്‍ പൊതുമേഖലാ കമ്പനിയും പങ്കാളിയായതിനാല്‍ ഇതിലൂടെ പൊതുസമൂഹത്തെയും വഞ്ചിച്ചിരിക്കുകയാണെന്നും ഇഡി ചൂണ്ടിക്കാട്ടി.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഇഡിക്ക് അന്വേഷണം നടത്താനാകില്ലെന്നാണു ഹര്‍ജിയിലെ വാദം. ഹര്‍ജിയിൽ വീണ്ടും തിങ്കളാഴ്ച വാദം തുടരും.