220 പ്രവൃത്തിദിനം: സ്കൂൾ കലണ്ടർ പിൻവലിക്കണമെന്ന് ഹർജി
Saturday, June 29, 2024 1:34 AM IST
കോട്ടയം: 220 പ്രവൃത്തി ദിനങ്ങൾ ഉൾക്കൊള്ളിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ച സ്കൂൾ കലണ്ടർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ടോബിൻ കെ. അലക്സ് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഫൈനലിൽ സ്വീകരിച്ച് സർക്കാരിന്റെ വിശദീകരണത്തിനായി നോട്ടീസ് അയച്ചു. ഹർജി ജൂലൈ ഒന്നിനു പരിഗണിക്കും.
തുടർച്ചയായ ആറുദിവസ ക്ലാസുകൾ കുട്ടികൾക്കു മാനസിക സമ്മർദത്തിന് കാരണമാകും. കുട്ടികൾക്ക് ആഴ്ചയിൽ അഞ്ചുദിവസ ക്ലാസുകൾക്കുശേഷം വരുന്ന ശനിയാഴ്ചകൾ എക്സ്ട്രാ കരിക്കുലർ ദിനമാണ്. എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, എൽഎസ്എസ്, യുഎസ്എസ് പരിശീലനം, എസ്പിസി പരേഡ് എന്നിവ നടത്തുന്നതും ഈ ദിവസങ്ങളിലാണ്.
പത്താം ക്ലാസിലെ കുട്ടികൾക്കു പ്രത്യേക സ്പെഷൽ ക്ലാസുകളും കലാ-കായിക പ്രവൃത്തിപരിചയ മേളകൾക്കു പരിശീലനം നൽകുന്നതും ശനിയാഴ്ച ദിവസങ്ങളിലാണ്. ഇത്തരത്തിൽ 220 പ്രവൃത്തി ദിനങ്ങൾ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.