ഇന്നു ദേശീയ ക്ഷീര ദിനം ആചരിക്കും
Tuesday, November 26, 2019 12:34 AM IST
തിരുവനന്തപുരം: ധവള വിപ്ലവത്തിന്റെ പിതാവായ ഡോ.വർഗീസ് കുര്യന്റെ ജന്മദിനമായ 26ന് ദേശീയ ക്ഷീരദിനമായി ആചരിക്കുമെന്നു ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പത്രസമ്മേളനത്തിൽ അറിയിച്ചു. ടാഗോർ ഹാളിൽ മിൽമയുടെ നേതൃത്വത്തിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനംചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. കുര്യന്റെ സഹപ്രവർത്തകനും പാറ്റ്നയിലെ ചന്ദ്രഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറുമായ പ്രഫ. വി.മുകുന്ദ ദാസ് അനുസ്മരണ പ്രഭാഷണം നടത്തും.
ചടങ്ങിൽ മുൻ ചെയർമാന്മാരായ പ്രയാർ ഗോപാലകൃഷ്ണനെയും പി.ടി. ഗോപാല കുറുപ്പിനെയും ആദരിക്കും. മികച്ച സഹകരണ സംഘമായി തെരഞ്ഞെടുത്ത ആലപ്പുഴ വള്ളികുന്നം ക്ഷീരോത്പാദന സഹകരണ സംഘത്തിനും മികച്ച ക്ഷീര കർഷകനായ തിരുവനന്തപുരം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ജെ.എസ്. സജുവിനും ഒരു ലക്ഷം രൂപ പാരിതോഷികവും പ്രശസ്തിപത്രവും മന്ത്രി വിതരണം ചെയ്യും.
എംഎൽഎമാരായ വി.എസ് ശിവകുമാർ, വി.കെ പ്രശാന്ത്, മാനേജിംഗ് ഡയറക്ടർ ഡോ. പി.പാട്ടീൽ സുയോഗ് സുഭാഷ് റാവു, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ്, എറണാകുളം യൂണിയൻ ചെയർമാൻ ജോണ്‍ തെരുവത്ത്, കണ്‍വീനർ യൂസഫ് കോറത്ത് തുടങ്ങിയവർ പ്രസംഗിക്കും.