ഒന്നരവർഷമായിട്ടും പഠിച്ചുതീരാതെ സർക്കാർ; പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ 2.25 ലക്ഷം ജീവനക്കാർ
കെ. ഇന്ദ്രജിത്ത്
Monday, April 21, 2025 5:39 AM IST
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി ആരംഭിച്ച് 12 വർഷമാകുന്പോൾ, സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഏതാണ്ട് പകുതിയോളം പേർ ഇതിന്റെ ഭാഗമാകുന്നതായി കണക്കുകൾ.സംസ്ഥാനത്തെ 5.5 ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ 2.25 ലക്ഷം പേർ നിലവിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളാണ്.
വരുന്ന മേയ് 31 നു ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുന്നതിനനുസരിച്ച് തുടർ നിയമനം നടത്തുന്പോൾ പങ്കാളിത്ത പെൻഷൻകാരുടെ എണ്ണം വീണ്ടും ഉയരും. ഏതാണ്ട് 15,000 ത്തോളം ജീവനക്കാർ മേയ് 31നു വിരമിക്കുമെന്നാണു കണക്കാക്കുന്നത്.
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുമെന്നു പ്രഖ്യാപിച്ച് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് ഒൻപതു വർഷമായെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതി ജീവനക്കാർക്കിടയിലുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം കേന്ദ്ര സർക്കാർ ജീവനക്കാർക്കായി നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേരുന്ന വിവരം സംസ്ഥാനങ്ങൾ ജൂലൈ 31നകം അറിയിക്കേണ്ടതുണ്ട്.
ഇതിനകം സംസ്ഥാനത്തിന്റെ നിലപാട് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും സർവീസ് സംഘടനകളും.
പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ സാന്പത്തിക-നിയമ വശങ്ങളെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച റിട്ട. ജില്ലാ ജഡ്ജി എസ്. സതീഷ് ചന്ദ്രൻ അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ടു വർഷത്തോളമായി. റിപ്പോർട്ടിലെ ശിപാർശകളെ ക്കുറിച്ചു പഠിക്കാൻ നിയോഗിച്ച മന്ത്രിതല ഉപസമിതി ഒന്നര വർഷമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെട്ടതായിരുന്നു സമിതി.
2023 നവംബർ ഒന്നിനു ചേർന്ന മന്ത്രിസഭായോഗമാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്കരണത്തെക്കുറിച്ചു പഠിച്ച റിപ്പോർട്ടിലെ സാന്പത്തിക-നിയമ വശങ്ങളെക്കുറിച്ചു പഠിക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചത്. ഇതുവരെ മന്ത്രിതല സമിതിയുടെ പഠനം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ബജറ്റിലും പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം ജീവനക്കാർക്കു പ്രയോജനം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരിൽ ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിലാണ്. 60,697 പേർ ഇവിടെയുണ്ട്. രണ്ടാമത് ആരോഗ്യ വകുപ്പിലും. 25,066 പേർ. പോലീസിൽ 20,900 പേർ പങ്കാളിത്ത പെൻഷൻകാരാണെന്നാണ് സ്പാർക്കിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിൽ 1,413 പേരും ധനത്തിൽ 372 പേരും നിയമ വകുപ്പിൽ 274 പേരും നിയമസഭയിൽ 574 പേരും പങ്കാളിത്ത പെൻഷൻകാരാണ്. അടിസ്ഥാന ശന്പളവും ഡിഎയും ചേർന്ന മൊത്ത ശന്പളത്തിന്റെ 10 ശതമാനമാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കുള്ള സർക്കാർ വിഹിതം. മറ്റു സംസ്ഥാനങ്ങൾ 14 ശതമാക്കി ഉയർത്തിയിട്ടും കേരളം വർധിപ്പിച്ചില്ലെന്ന പരാതിയുമുണ്ട്.