മുനമ്പം പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും: ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
Friday, April 18, 2025 2:56 AM IST
കോഴിക്കോട്: മുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങള്‍ നേരിടുന്ന ഭൂമി പ്രശ്നം പരിഹരിക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍.
കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസ് മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിരുന്നതായി കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീറ്റ്ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.
മുനമ്പം പ്രശ്നം എങ്ങനെയും പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രിക്കു താത്പര്യമെന്ന് കെ.വി. തോമസ് അറിയിച്ചിട്ടുണ്ട്. അതിനുവേണ്ടി മുഖ്യമന്ത്രിയെ പോയി കാണാമെന്നും പറഞ്ഞിട്ടുണ്ട്.
അടുത്ത ദിവസംതന്നെ മുഖ്യമന്ത്രിയെ കാണുമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. നേരത്തേ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍, പ്രശ്നം പരിഹരിക്കാന്‍ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചിരുന്നതാണ്. നിയമപരമായ പല കാര്യങ്ങളും അദ്ദേഹത്തിന്റെ മുന്നിലുണ്ട്.
മുനമ്പം പ്രശ്നം ജാതിമത ഭേദമന്യെ എല്ലാവരും കൂട്ടായി നിന്ന് എങ്ങനെ പരിഹരിക്കുമെന്നാണു നോക്കേണ്ടത്. 610 കുടുംബങ്ങള്‍ അവിടെ ദുരിതമനുഭവിക്കുകയാണ്. വലിയ സഹനമാണത്. പ്രശ്നം പരിഹരിക്കേണ്ടത് രാജ്യത്തെ എല്ലാ ആളുകളുടെയും ആവശ്യമാണ്. അവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്കു സുരക്ഷിതത്വം വേണം. ഏതെങ്കിലും സമയത്ത് കുടിയിറക്കുമെന്നു വന്നാല്‍ ജീവിക്കാന്‍ പറ്റുമോ? മാത്രമല്ല, വഖഫിന്റെ കീഴിലാണു ഭൂമി എന്നുപറഞ്ഞാല്‍ വലിയ കുഴപ്പമാണ്.
അത്യാവശ്യത്തിനു ബാങ്ക് വായ്പപോലും ലഭിക്കില്ല. അവിടത്തെ നിവാസികളുടെ രക്ഷയ്ക്ക് എല്ലാവരും ഒന്നിച്ചു നില്ക്കുകയാണു വേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഒരു ജുഡീഷല്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ കേസ് നടക്കുന്നുമുണ്ട്. മുനമ്പം വിഷയത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിക്കുകയല്ല, എല്ലാവരും ഒരുമിച്ചുനില്ക്കുകയാണു വേണ്ടതെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.
വഖഫ് നിയമ ഭേദഗതിക്കു കെസിബിസി പിന്തുണ നല്‍കിയത് മുനമ്പത്തെ ജനങ്ങളുടെ സഹനം കണ്ടാണെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. അന്നത്തെ സാഹചര്യത്തില്‍ അവയ്ലെബിള്‍ മെത്രാന്മാര് എടുത്ത തീരുമാനമാണത്.
വഖഫ് നിയമം ഭേദഗതി വന്നാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നു കരുതി. എന്നാല്‍, നിയമത്തിനു മുന്‍കാല പ്രാബല്യമില്ലെന്നാണ് കേന്ദ്രമന്ത്രി റിജിജു പറയുന്നത്. എല്ലാവരുംചേര്‍ന്ന് പ്രശ്നം പരിഹരിക്കുമെന്നാണു പ്രതീക്ഷ. ഇതു വഖഫ് ഭൂമിയല്ല എന്നു സ്ഥാപിക്കാന്‍ കോഴിക്കോട് ഫാറൂഖ് കോളജിന്റെ മാനേജ്മെന്റ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ വിജയം കണ്ടാല്‍ മുനമ്പം നിവാസികള്‍ക്ക് ആശ്വാസമാകുന്ന നിലയുണ്ടാകും.
സംസ്ഥാനത്തെ കുടിയേറ്റ മേഖലയിലെ ജനങ്ങള്‍ വന്യമൃഗ ഭീഷണി കാരണം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. ഇക്കാര്യം രണ്ടുമാസം മുമ്പ് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഉന്നയിച്ചിരുന്നു. അനുഭാവപൂര്‍വമാണ് മുഖ്യമന്ത്രി കേട്ടത്. വേണ്ടതു െചയ്യാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വസിക്കുന്നു.
കോഴിക്കോട് ആര്‍ച്ച്ബിഷപ് എന്ന നിലയില്‍ സ്നേഹത്തിന്റെ നാഗരികത വളര്‍ത്താനാണ് താന്‍ ഊന്നല്‍ നല്‍കുകയെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. മനുഷ്യമനഃസാക്ഷി ഉണര്‍ത്തുന്നതിലും മനഃസാക്ഷിക്കു വെളിച്ചം പകരുന്നതിലും ദിശാബോധം പ്രദാനം ചെയ്യുന്നതിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
വികാരി ജനറല്‍ മോണ്‍. ജന്‍സണ്‍ പുത്തന്‍വീട്ടില്‍, മീഡിയ ഡയറക്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍, ആര്‍ച്ച്ബിഷപ്പിന്റെ സെക്രട്ടറി ഫാ. ഇമ്മാനുവല്‍ റെനി, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്ത് എന്നിവരും മീറ്റ് ദപ്രസില്‍ സംബന്ധിച്ചു.
സ്ഥാനാരോഹണം മേയ് 25ന്
കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ്പായി ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മേയ് 25ന് സ്ഥാനമേറ്റെടുക്കും. സിറ്റി സെന്റ് ജോസഫ്സ് ചര്‍ച്ച് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ വൈകുന്നേരം മൂന്നിനാണ് സ്ഥാനാരോഹണ ചടങ്ങ്. മെത്രാന്മാരും വിശിഷ്ട വ്യക്തികളും പരിപാടിയില്‍ സംബന്ധിക്കും.